kk

കൊച്ചി: ഫ്ലാറ്റിൽ അതിക്രൂരമായ പീഡനത്തിനിരയായ യുവതിയുടെ പരാതിയിൽ പ്രതിയെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ നിർദ്ദേശിച്ചു. പരാതി നൽകി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടിയെ കേരള വനിതാ കമ്മിഷൻ അപലപിച്ചു. സിഐയെ ഫോണിൽ വിളിച്ച് കമ്മിഷൻ താക്കീത് നൽകി,​

.

സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കാര്യത്തിൽ പ്രതിക്കെതിരായ നടപടിയിൽ ഒരു അമാന്തവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് വനിതാ കമ്മിഷന്റെ അഭിപ്രായം. 376 ാം വകുപ്പ് പ്രകാരം ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നത്, ലോക്ക്ഡൗൺ കാലയളവിൽ സ്ത്രീസമൂഹത്തിനിടയിൽ അരക്ഷിതബോധം സൃഷ്ടിക്കാനിടവരും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു.

കണ്ണൂർ സ്വദേശിയായ യുവതിയാണ് അതിക്രൂര മർദനത്തിനും പീഡനത്തിനും ഇരയായത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് യുവതി ആരോപിച്ചു. കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിപ്പോയതോടെയാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാർട്ടിൻ ജോസഫിനൊപ്പം നഗരത്തിലെ ഫ്ലാറ്റിൽ താമസം ആരംഭിച്ചത്. ഒരു വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ പരാതി. ഫ്ലാറ്റിൽനിന്ന് പോകാൻ ശ്രമിച്ചെങ്കിലും ഇത് മാർട്ടിനെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.

മർദനത്തിന് പുറമേ അതിക്രൂരമായ ലൈംഗികാതിക്രമത്തിനും യുവതി ഇരയായി. ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്ലാറ്റിൽ കഴിഞ്ഞത്. ഇതിനിടെ, നഗ്‌നവീഡിയോയും ചിത്രീകരിച്ചെന്ന് യുവതി പറയുന്നു.

ഫെബ്രുവരി അവസാനത്തോടെയാണ് യുവതി ഫ്‌ളാറ്റിൽനിന്ന് രക്ഷപ്പെട്ടത്. ഉടൻതന്നെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രതിക്കായി തൃശ്ശൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പ്രതിയായ മാർട്ടിൻ ജോസഫ് ഇതിനിടെ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഈ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്ന് ഇയാൾ ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് പൊലീസ് പറയുന്നത്.