തിരുവനന്തപുരം: കെ സുരേന്ദ്രനെതിരെ പ്രസീദ കൂടുതൽ തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ കൈയും കെട്ടി നോക്കി ഇരിക്കേണ്ടയെന്ന നിലപാടിലാണ് ബിജെ പിയിലെ വിമത പക്ഷം. ദേശീയതലത്തിൽ പാർട്ടി ഉയർത്തിപിടിക്കുന്ന ദേശീയതയും രാജ്യസ്‌നേഹവും കളളപ്പണ വിരുദ്ധ നിലപാടും കളങ്കപ്പെടുത്തുന്നതാണ് സംസ്ഥാനത്തെ പാർട്ടിയിൽ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം. കൂടുതൽ തെളിവുകൾ ശേഖരിച്ച് പാർട്ടിയുടെ നിലവിലത്തെ അവസ്ഥ ദേശീയ നേതാക്കളെ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനുവേണ്ടി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പിന്തുണ നേടാനുളള വഴികൾ ഇവർ ആരംഭിച്ച് കഴിഞ്ഞതായി ബി ജെ പി വൃത്തങ്ങൾ പറയുന്നു.
മുതിര്‍ന്ന നേതാക്കളായ ഒ രാജഗോപാല്‍, സി കെ പത്മനാഭൻ തുടങ്ങിയവരോട് ആശയ വിനിമയം നടത്തിയായിരിക്കും വിമതര്‍ നീക്കം കടുപ്പിക്കുക. പരസ്യമായി സുരേന്ദ്രന്‍റെ രാജി ആവശ്യപ്പെടാതെ കേന്ദ്രനേതൃത്വത്തെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുകയാണ് പ്രധാന അജണ്ട. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേരളത്തിലെ കള്ളപ്പണ വിവാദത്തില്‍ അത്യന്തം രോഷാകുലനാണെന്ന വിവരം വിമതര്‍ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിഷയങ്ങളില്‍ വ്യക്തമായ വിവരം ധരിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് മുമ്പാകെ എത്തിക്കാനുള്ള വഴികളാണ് വിമതര്‍ തേടുന്നത്.
കര്‍ണാടക- കേരളം റൂട്ടില്‍ കുഴല്‍പ്പണ കടത്തിനു പാര്‍ട്ടി നേതൃത്വത്തില്‍ ചിലര്‍ ചേര്‍ന്ന് പ്രത്യേക ഇടനാഴി രൂപപ്പെടുത്തിയിട്ടുണ്ടെന്നുള്ള വിവരം വിമതര്‍ ശേഖരിച്ച് വരികയാണ്. പന്ത്രണ്ടാം വയസ് മുതൽ ക്രിമിനൽ പശ്‌ചാത്തലമുളള ധർമ്മരാജനെ പോലുളള ഒരാളെ തിരഞ്ഞെടുപ്പ് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിന്‍റെ ചുമതലകൾ ഏൽപ്പിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് വിമത നേതാക്കൾ പറയുന്നത്. ധര്‍മ്മരാജന്‍ കള്ളപ്പണക്കടത്തിന്‍റെ വമ്പന്‍ ഇടനിലക്കാരനാണെന്ന വിവരം തെളിവുകള്‍ സഹിതം ഇവര്‍ ഉയര്‍ത്തുകയാണ്.
കേന്ദ്ര ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് വിവധ കച്ചവടങ്ങളിൽ പങ്കാളിത്തം ഉറപ്പിക്കാനും കള്ളപ്പണത്തിന് രേഖ ചമയ്‌ക്കാനും ധര്‍മ്മരാജന്‍റെ സേവനം നേതാക്കള്‍ ഉപയോഗിച്ചു എന്ന ആരോപണമാണ് വിമതര്‍ ഉന്നയിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പാറക്കല്ല് എത്തിക്കുന്നതിന് ഉപകരാര്‍ ഉറപ്പിച്ചത് ധര്‍മരാജനാണെന്ന് കണ്ടെത്തിയ ഇവർ ഇതിനുപിന്നിലെ സാമ്പത്തിക ഇടപാടുകൾ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് ആസ്ഥാനമായ കടലാസ് കമ്പനിയുടെ പേരിലാണ് കരാര്‍ ഉറപ്പിച്ചതെന്നും ഇതിന് ഉന്നതങ്ങളില്‍ നിന്നു പലരും ഇടപെട്ടതായും ആരോപണമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് കൊവിഡ് വ്യാപനം തടയുന്നതിന് കര്‍ണാടക സര്‍ക്കാര്‍ കേരളത്തിലേക്കുള്ള എല്ലാ ചെക്ക് പോസ്റ്റുകളും അടച്ച കാലത്തും മംഗലാപുരത്തുനിന്ന് കേരളത്തിലേക്ക് കടക്കാനുള്ള തലപ്പാടി ചെക്ക്‌പോസ്റ്റ് മാത്രം തുറന്നിടാന്‍ ആസൂത്രിതമായ ഇടപെടല്‍ ഉണ്ടായെന്ന വിവരം വിമത നേതാക്കൾ പങ്കുവയ്‌ക്കുന്നു. കൊടകരയില്‍ അപകടമുണ്ടാക്കി തട്ടിയെടുത്ത പണം ബി.ജെ.പിയുടെ പണം തന്നെയെന്ന് പാര്‍ട്ടിയിലെ വിമത വിഭാഗം ഉറപ്പിക്കുന്നു.
സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വവുമായി നടത്തുന്ന ആശയ വിനിമയങ്ങളാണ് കേരളത്തില്‍ പാര്‍ട്ടിയെ ഈ നിലയില്‍ എത്തിച്ചതെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്. കേരളത്തില്‍ തൂക്കുസഭയുണ്ടാവുമെന്നും ബി ജെ പി നിര്‍ണായക ശക്തിയാവുമെന്നുമെല്ലാം കേന്ദ്രത്തെ ധരിപ്പിക്കുന്നതിലും കേരളത്തിലേക്ക് കോടികള്‍ ഒഴുക്കുന്നതിലും ഇവർ സുപ്രധാന പങ്കുവഹിച്ചുവെന്നാണ് ആരോപണം.