sudhakaran

​​​​ന്യൂഡല്‍ഹി: കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനൊപ്പം റോജി എം ജോണിന്‍റെ പേര് സജീവമായി പരിഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്‌പര്യ പ്രകാരമാണ് അവസാനനിമിഷം റോജിയേയും പരിഗണിക്കുന്നത്. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥിസംഘടനയായ എന്‍ എസ് യുവിൽ രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് ഏർപ്പെടുത്തിയ ശേഷം ആദ്യമായി അദ്ധ്യക്ഷനായ ആളാണ് റോജി എം ജോണ്‍.

കോണ്‍ഗ്രസിലേക്ക് ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന നയം ഈ ആലോചനയ്‌ക്ക് പിന്നിലുണ്ടെന്നും വിവരമുണ്ട്. ഉമ്മൻചാണ്ടി നേതൃതലത്തിൽ നിന്ന് മാറിയ ശേഷം ജനകീയനായ ഒരാളും കോൺഗ്രസ് തലപ്പത്തേക്ക് വന്നിട്ടില്ല. ആ സാഹചര്യത്തിൽ കൂടിയാണ് റോജിക്കുളള സാദ്ധ്യത കൂടുന്നത്.

തോല്‍വിയെ കുറിച്ച് അന്വേഷിച്ച അശോക് ചവാന്‍ കമ്മിറ്റിക്ക് മുമ്പാകെ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, പി ടി തോമസ് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. സുധാകരനെ അദ്ധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. സുധാകരന്‍റെയോ കൊടിക്കുന്നിലിന്‍റെയോ പേരുകളോട് എ, ഐ ഗ്രൂപ്പുകള്‍ താത്പര്യം കാണിച്ചില്ല.

തലമുറമാറ്റത്തിന്‍റെ ഭാഗമായി ഒരുഘട്ടത്തിൽ പി സി വിഷ്‌ണുനാഥിന്‍റെ പേര് ഉയർന്നുവന്നെങ്കിലും പിന്തുണയ്ക്കാന്‍ എ ഗ്രൂപ്പ് മുതിര്‍ന്നില്ല. പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ തങ്ങളുടെ നിലപാട് അംഗീകരിക്കാതിരുന്ന ഹൈക്കമാൻഡിനോടുളള നീരസമായിരുന്നു ഇതിന് പ്രധാനകാരണം. ചെന്നിത്തലയെ പിന്തുണയ്‌ക്കാനുളള ഗ്രൂപ്പ് നിർദേശം മറികടന്ന് സതീശന് വേണ്ടി വാദിച്ച യുവ എം എൽ എമാരോടുളള മധുര പ്രതികാരമായിരുന്നു എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ പി സി വിഷ്‌ണുനാഥിന്‍റെ പേരിന് പിന്തുണ കൊടുക്കാത്തതിനുളള പ്രധാനകാരണം.

ഇതോടെയാണ് രാഹുലിനു കൂടി താത്പര്യമുള്ള റോജിയുടെ പേര് പരിഗണിച്ചതെന്നാണ് സൂചന. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഒരാളാണ് റോജി. കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കാന്‍ എ ഐ സി സി. നേരത്തേ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഹൈക്കമാന്‍ഡിന്‍റെ ഭാഗമായുള്ള കേരളത്തിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയോടുള്ള അതൃപ്‌തിയുള്‍പ്പടെ രേഖപ്പെടുത്തി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മൗനംപാലിച്ചതോടെ പ്രഖ്യാപനം മാറ്റിവയ്‌ക്കുകയായിരുന്നു.