choksi

ന്യൂഡൽഹി: ആന്റിഗ്വൻ പൊലീസ് ഉദ്യോഗസ്ഥർ എന്ന് പറഞ്ഞെത്തിയവർ തന്നെ തട്ടിക്കൊണ്ട് പോകുകയും മർദ്ദിക്കുകയും ചെയ്‌തുവെന്ന് ഡൊമിനിക്കയിൽ പരാതി നൽകി വിവാദ വജ്ര വ്യാപാരി മെഹുൽ ചോക്‌സി. അഭിഭാഷകർ മുഖേനയാണ് ചോക്‌സി പരാതി ഉന്നയിച്ചിരിക്കുന്നത്. തന്റെയൊപ്പമുണ്ടായിരുന്ന യുവതിയെ പേരെടുത്ത് പറഞ്ഞ ചോക്‌സി അവരും സഹായിച്ചില്ലെന്ന് ആരോപിക്കുന്നു. ബാർബറ ജബാറിക്ക എന്നാണ് യുവതിയുടെ പേരെന്ന് ചോക്‌സിയുടെ പരാതിയിൽ പറയുന്നു. ആന്റിഗ്വയിലെ ജോളി ഹാർബർ പട്ടണത്തിലായിരുന്നു ഇവരുടെ താമസമെന്നും ചോക്‌സി പറയുന്നുണ്ട്.

ഇന്ത്യയിൽ നിന്നുള‌ള ഒരു ഉന്നത രാഷ്‌ട്രീയനേതാവിന് മുന്നിൽ ഹാജരാക്കാനാണ് കൊണ്ടുപോകുന്നതെന്നും ഡൊമിനിക്കൻ പൗരത്വം തന്ന ശേഷം വൈകാതെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും തട്ടിക്കൊണ്ടുവന്നവർ പറഞ്ഞതായി ചോക്‌സി പരാതിയിൽ ആരോപിക്കുന്നുണ്ട്.

പെൺകുട്ടിയോടൊപ്പം താൻ പ്രഭാത സവാരിക്ക് പോകാറുണ്ടായിരുന്നെന്നും മേയ് 23ന് വൈകുന്നേരം വീട്ടിലെത്താമോ എന്ന് തന്നോട് യുവതി ചോദിച്ചെന്നും അവിടെയെത്തിയ താൻ കണ്ടത് പത്തോളം ബലവാന്മാരായ ആളുകളെയാണ്. അവർ തന്നെ പിടികൂടിയെന്നും ദേഹത്തും മുഖത്തും കൈകളിലുമെല്ലാം മർദ്ദിച്ചെന്നും തന്റെ റോളക്‌സ് വാച്ചും മൊബൈൽ ഫോണും അവർ തട്ടിയെടുത്തെന്നും ചോക്‌സി പറയുന്നു. ആന്റിഗ്വൻ പൊലീസാണെന്നാണ് അവ‌ർ പറഞ്ഞത്. 'ഈ സമയമൊന്നും യുവതി സഹായിച്ചില്ല. മാത്രമല്ല മർദ്ദിക്കുന്നവ‌ർക്കൊപ്പം നിൽക്കുകയും ചെയ്‌തു. ഇതിനർത്ഥം ഇവരും തട്ടിക്കൊണ്ടുവന്നവർക്കൊപ്പം ചേർന്നു എന്നാണ്.' ചോക്‌സി പരാതിയിൽ സൂചിപ്പിക്കുന്നു.

ചെറിയ ബോട്ടിൽ തന്നെ തട്ടിക്കൊണ്ടുപോയ സംഘം പിന്നീട് വലിയൊരു ബോട്ടിലേക്ക് മാറി. അവിടെ രണ്ട് ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഇവർ തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞെന്നും സഹകരിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും ചോക്‌സി പറഞ്ഞു.

യുവതിയുമായുള‌ള സൗഹൃദ വിവരങ്ങൾ പുറത്തുപറഞ്ഞാൽ ഭാര്യ അറിയുമെന്നും സ്വകാര്യ ജീവിതം തകരുമെന്നും ഇവർ ഭീഷണിപ്പെടുത്തിയെന്ന് ചോക്‌സി പറയുന്നു. നിലവിൽ ഡൊമിനിക്കയിലെ ജയിലിൽ കഴിയുന്ന ചോക്‌സി ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഇന്നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപ വായ്‌പയെടുത്ത കേസിൽ ഇന്ത്യയിൽ നിന്നും മുങ്ങിയ ചോക്‌സി ആന്റിഗ്വയിലെത്തി. ഇവിടെ നിന്നും ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനിക്കയിൽ പിടിയിലായത്. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള‌ള തീവ്ര ശ്രമങ്ങൾ നടക്കുകയാണ്.