തിരക്കുകൾക്ക് നടുവിലാണ് സ്വാസിക. സിനിമയും സീരിയലും ആങ്കറിംഗും വെബ്സീരിസുമൊക്കെയായി മലയാളികൾക്ക് മുന്നിൽ അവർ നിറഞ്ഞു നിൽക്കുകയാണ്. കാമറയോടുള്ള പ്രണയമാണ് തന്നെ ഇത്ര സജീവമാക്കി നിറുത്തുന്നതെന്ന് സ്വാസിക പറയുന്നു. ഓരോ നിമിഷവും അഭിനയത്തിൽ വ്യത്യസ്തത കൊതിക്കുന്ന, വേറിട്ട ശൈലി കൊണ്ടുവരാൻ ശ്രമിക്കുന്ന പുതിയ കാലത്തിന്റെ നടിയാണ്. ചെയ്തിരിക്കുന്ന വേഷങ്ങൾക്കെല്ലാം മികച്ച അഭിപ്രായങ്ങൾ കിട്ടുമ്പോഴും തന്റെ മികച്ച വേഷങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്ന ഉറപ്പ് സ്വാസിക പങ്കുവയ്ക്കുന്നു. സ്വാസികയ്ക്കൊപ്പം അല്പ സമയം.
സീരിയിൽ, സിനിമ, ആങ്കറിംഗ് എല്ലാ മേഖലകളിലും സ്വാസിക തിളങ്ങുകയാണല്ലോ?
ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതാണ് ആങ്കറിംഗ്. നമ്മുടെ ചുറ്റിലുമുള്ള, എന്തെങ്കിലും കഴിവുകളുള്ള സ്ത്രീകളെ പരിചയപ്പെടുത്തുന്ന പരിപാടിയാണ്. വീട്ടമ്മമാരും സാധാരണ വ്യക്തികളുമൊക്കെ തന്നെയാണ് ഇതിൽ വരുന്നത്. ഒരു മത്സരമല്ല എന്നതാണ് പരിപാടിയെ വ്യത്യസ്തമാക്കുന്നത്. ഓരോരുത്തരും അവരവരുടെ കഴിവുകൾ ലോകത്തിന് കാണിച്ചു കൊടുക്കുന്നു. ആ കോൺസെപ്ടിനോട് തീർച്ചയായും ഇഷ്ടം തോന്നി. അങ്ങനെയാണ് 'റെഡ്കാർപ്പറ്റി"ലേക്ക് എത്തുന്നത്. എനിക്കത് നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഓരോ എപ്പിസോഡിലും പുതിയ ആൾക്കാരെ കാണുന്നതും പരിചയപ്പെടുന്നതും അവരുടെ കഴിവുകൾ നേരിൽ കാണാൻ കഴിയുന്നതുമൊക്കെ വലിയ സന്തോഷം തന്നെയാണ്. സ്വയം അപ്ഡേറ്റ് ചെയ്യാനും പറ്റും. ചെയ്യുന്ന എല്ലാ കാര്യങ്ങളും ആസ്വദിച്ചാണ് ചെയ്യുന്നത്. നമുക്കതിൽ സന്തോഷം കണ്ടെത്താൻ പറ്റിയില്ലെങ്കിൽ പ്രേക്ഷകർക്ക് എങ്ങനെ ആസ്വദിക്കാൻ കഴിയും. ഇപ്പോൾ അഭിനയം പോലെ തന്നെയിഷ്ടമാണ് ആങ്കറിംഗും.
'വൺ ഫോർ ത്രീ " സ്വാസികയുടെ ആദ്യത്തെ വെബ് സീരിസ് ആണല്ലോ?
അതും ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിച്ചതാണ്. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരുന്നപ്പോൾ ഒരുവിധം എല്ലാ ആളുകളും യൂട്യൂബ് ചാനൽ തുടങ്ങി. എനിക്കും ആ ആഗ്രഹം കുറച്ച് നാളായി മനസിലുണ്ടായിരുന്നു. പക്ഷേ ലോക്ക്ഡൗൺ വന്നപ്പോഴാണ് പ്രാവർത്തികമായതെന്ന് മാത്രം. എല്ലാവരും കുക്കിംഗിലും മേക്കപ്പിലും ഒക്കെയാണല്ലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമെന്ന ആഗ്രഹത്തോടെയാണ് വെബ് സീരീസിലേക്ക് എത്തുന്നത്. എന്റെ സുഹൃത്തുക്കളുടെ സപ്പോർട്ടോടെയാണ് ചെയ്തത്. സ്ക്രിപ്ടും സംവിധാനവുമൊക്കെ അവരാണ്. നമ്മുടെ സ്വന്തം യൂട്യൂബ് ചാനലാകുമ്പോൾ എന്ത് വേണമെങ്കിലും കാണിക്കാമല്ലോ. നമ്മുടെ ഇഷ്ടം അതിലൂടെ പ്രകടിപ്പിക്കുയാണ്. പ്രേക്ഷകർക്ക് ഇഷ്ടമാകണമെന്ന് കരുതി തന്നെയാണ് ചെയ്യുന്നത്. സംഗതി ഫ്ലോപ്പായാലും അതിലെ നഷ്ടം നമ്മൾ മാത്രം സഹിച്ചാൽ മതിയല്ലോ. പക്ഷേ, ഭാഗ്യത്തിന് നല്ല അഭിപ്രായങ്ങളാണ് കിട്ടുന്നത്. മൂന്ന് എപ്പിസോഡാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഒറ്റ ദിവസത്തെ ഷൂട്ടായിരുന്നു. ആദ്യമൊക്കെ ആഴ്ച തോറും അപ്ലോഡ് ചെയ്യാനായിരുന്നു പ്ലാൻ. വ്യൂവർഷിപ്പൊക്കെ അനുസരിച്ചാണ് തീരുമാനിക്കുന്നത്. നല്ല അഭിപ്രായം കിട്ടുന്ന എപ്പിസോഡ് വരുമ്പോൾ പുതിയത് ഒന്ന് ഹോൾഡ് ചെയ്യും. പിന്നെ, ട്രെൻഡിനനുസരിച്ച് ഭയങ്കര പ്ലാനിംഗോടെ ചെയ്തതൊന്നുമല്ല. ചെറിയ സമയത്തിനുള്ളിൽ കുറച്ച് പേരെ വച്ചാണ് ചെയ്തിരിക്കുന്നത്. ഇനി കുറച്ചൂടെ വ്യത്യസ്തത കൊണ്ട് വരണമെന്നുണ്ട്. അധികം വൈകാതെ തന്നെ അടുത്ത എപ്പിസോഡ് വരും.
നിള സ്ഥിരം സീരിയൽ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തയാണല്ലോ?
അതെ, ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണ്. പൊതുവേ ദുഃഖപുത്രി വേഷമാണല്ലോ കിട്ടുക. ഇതിലെ നിള ഒരു വർക്കിംഗിയായിട്ടുള്ള പെൺകുട്ടിയാണ്. ആത്മവിശ്വാസമുള്ളൊരു കഥാപാത്രം. ശരിക്കൊപ്പം നിൽക്കുന്ന, അത്യാവശ്യം ബോൾഡായിട്ടുള്ള ആള്. എനിക്കിതുവരെ കിട്ടാത്ത തരത്തിലുള്ള വേഷമായതു കൊണ്ടാണ് അത് ചെയ്യാമെന്നേറ്റത്. പക്ഷേ, എത്രയൊക്കെ മികച്ച വേഷങ്ങൾ വന്നാലും പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും സീതയുണ്ട്. അത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്. ഇന്നത്തെ സ്വാസികയിലേക്കെത്താൻ 'സീത" ഒരുപാട് സഹായിച്ചിട്ടുണ്ട്.
സീതയാണ് സ്വാസികയുടെ കരിയർ ബ്രേക്കായത്. ആ നാലുവർഷങ്ങളെ ഓർക്കാറുണ്ടോ?
സീതയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നതും സ്നേഹിക്കുന്നതുമൊക്കെ സീത കാരണമാണ്. സാധാരണ ഒരാൾ സീരിയൽ ചെയ്താൽ കിട്ടുന്നതിനേക്കാൾ വലിയ സ്നേഹവും സ്വീകാര്യതയും 'സീത"യിലൂടെ എനിക്ക് കിട്ടിയിട്ടുണ്ട്. വലിയൊരു ഭാഗ്യമാണത്. ആ സീരിയലിലേക്ക് വരുമ്പോൾ ഒന്നും വിചാരിച്ചിരുന്നില്ല. ഏതോ ഒരു ഘട്ടത്തിൽ അതിന്റെ ട്രാക്ക് മാറ്റിയപ്പോഴാണ് സോഷ്യൽ മീഡിയയിലൊക്കെ അത് വൈറലായത്. പാട്ടും ഡാൻസുമൊക്കെയായി പതിവ് സീരിയൽ സങ്കൽപ്പങ്ങളെ മാറ്റിയെഴുതി. പിന്നെ സ്വന്തം ജീവിതത്തിൽ കണക്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് മുഹൂർത്തങ്ങളുള്ള കഥാപാത്രം തന്നെയായിരുന്നു. ഒത്തിരി മനസിൽ തട്ടി ചെയ്യാൻ പറ്റിയിട്ടുണ്ട്. സീതയ്ക്കൊപ്പമുള്ള നാല് വർഷങ്ങൾ അത്രയും പ്രിയപ്പെട്ടതാണ്. എന്നും ഓർക്കുന്ന കഥാപാത്രമാണ്.
ബിഗ് സ്ക്രീനിൽ 'കുടുക്ക് "ആണ് പുതിയ വിശേഷം?
അതെ, റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രമാണ്. കഴിഞ്ഞ ലോക്ക് ഡൗണിൽ 'തുടരും" എന്നൊരു ഷോട്ട്ഫിലിം ചെയ്തിരുന്നു. ബിലഹരിയാണ് സംവിധാനം ചെയ്തത്. അദ്ദേഹം ആദ്യമായി ചെയ്യുന്ന സിനിമയാണ് 'കുടുക്ക് ". അതേ ടെക്നിക്കൽ ടീം തന്നെയാണ് കുടുക്കിലും. ഒരു ന്യൂജെൻ ടൈപ്പ് മൂവിയാണ്. റീലിസ് കാര്യങ്ങളൊന്നും തീരുമാനമായിട്ടില്ല. അതിലെ പാട്ട് എന്തായാലും ഹിറ്റായി. എന്റേത് ഒരു നാടൻ കഥാപാത്രമാണ്. എന്തായാലും പ്രതീക്ഷ തരുന്ന സിനിമയാണ്. 'ചതുര"മാണ് മറ്റൊരു ചിത്രം. സിദ്ധാർത്ഥ് ഭരതന്റെ സിനിമയാണ്. റോഷൻ മാത്യുവും അലൻസിയറുമാണ് മറ്റ് താരങ്ങൾ. ഇതുവരെ ചെയ്യാത്ത വേഷമാണ്, ബോൾഡായിട്ടുള്ള കഥാപാത്രം. അതും പ്രതീക്ഷയുണ്ട്.
സിനിമകൾ തിരഞ്ഞെടുക്കുന്ന രീതി എങ്ങനെയാണ് ?
അങ്ങനെ പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നുമില്ല. ആദ്യം ടീമിനെയാണ് ശ്രദ്ധിക്കുക. ഉറപ്പുള്ള സിനിമകളാണ് ഒരു തുടക്കക്കാരിയെന്ന നിലയിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്നത്. ശ്രദ്ധിക്കപ്പെടുന്ന സിനിമകളുടെ ഭാഗമാകുക എന്നത് സന്തോഷം തന്നെയാണല്ലോ. എന്റെ കാരക്ടർ എന്താണെന്ന് ഞാൻ നോക്കുന്നത് രണ്ടാമതാണ്. സംവിധായകനും ആ ടീമും ഓക്കെയാണെങ്കിൽ സിനിമ ചെയ്യാൻ മടിയില്ല. പിന്നെ, 'വാസന്തി" ചെയ്തത് ആ സ്റ്റോറി ഇഷ്ടപ്പെട്ടതു കൊണ്ടാണ്. അതിന്റെ സംവിധായകർക്ക് മുമ്പ് സിനിമകൾ ചെയ്ത അനുഭവമില്ലെങ്കിലും തീയേറ്റർ ബാക്ഗ്രൗണ്ടുണ്ട്. അവരൊക്കൊണ്ട് അത് പറ്റുമെന്ന വിശ്വാസം എനിക്കും തോന്നി. പക്ഷേ, അവാർഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സിജു വിൽസണും ഡയറക്ടർമാരായ റഹ്മാൻ ബ്രദേഴ്സും എഡിറ്ററുമൊക്കെ പിന്നീട് പറഞ്ഞു ഞങ്ങൾക്ക് ഉറപ്പായിരുന്നു സ്വാസികയ്ക്ക് അവാർഡ് കിട്ടുമെന്ന്. 'ചതുരം" തിരഞ്ഞെടുക്കാൻ പല ഘടകങ്ങളുണ്ട്. ഹീറോയിൻ ആയിട്ട് ഒരാൾ എന്നെ വിളിച്ചതാണ്, പിന്നെ സംവിധായകനാണേലും കഴിവ് തെളിയിച്ച ആളാണ്. അപ്പോൾ നമ്മുടെ ഔട്ട്പുട്ട് ഏറ്റവും മികച്ച രീതിയിൽ തന്നെ കൊടുക്കുണമെന്ന വാശിയുണ്ടായിരുന്നു. ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ്, ഇതും എന്നെ കൊണ്ട് പറ്റുമെന്ന് തെളിയിക്കണമായിരുന്നു. പിന്നെ ആ ക്രൂവിനൊപ്പം അഭിനയിക്കുക എന്നതും സന്തോഷം തന്നെയാണ്. റോഷനും അലൻസിയറേട്ടനും ഗംഭീരമായി പെർഫോം ചെയ്തിട്ടുണ്ട്. അവരുടെ കൂടെ കട്ടയ്ക്ക് നിന്ന് സ്ക്രീൻ ഷെയർ ചെയ്യാൻ എനിക്കും അവസരം കിട്ടി.
ഡയറ്റിംഗും സൗന്ദര്യസംരക്ഷണവുമൊക്കെ ഉൾപ്പെടുത്തിയ യൂട്യൂബ് വീഡിയോകൾക്ക് മികച്ച പ്രതികരണവും കിട്ടിയല്ലോ?
പലരും എന്നോട് ചോദിക്കുന്ന കാര്യമാണ് ഡയറ്റ് എങ്ങനെയാണ്, മേക്കപ്പ് എങ്ങനെയാണെന്നൊക്കെ. ആറ് മാസമായി ഞാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗാണ്. എനിക്ക് നല്ല റിസൾട്ടും കിട്ടി. ലോക്ക്ഡൗണിൽ പെട്ട് വീട്ടിലായപ്പോൾ മറ്റൊന്നും ഷൂട്ടൊന്നും ചെയ്യാൻ പറ്റില്ലല്ലോ. അങ്ങനെ ഒരു ദിവസത്തെ എന്റെ ഡയറ്റിനെ കാണിച്ചു. ഒരുപാട് പേർക്ക് പ്രചോദനം ആയെന്ന് പറഞ്ഞു. പിന്നെ, മേക്കപ്പ് വീഡിയോയ്ക്കും നല്ല അഭിപ്രായം കിട്ടി. പൊതുവേ ഞാൻ സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യാറില്ല. വളരെ സെൻസിറ്റീവായിട്ടുള്ള സ്കിൻ ആണ് എന്റേത്. മുഖത്ത് എന്തു പുരട്ടിയാലും അലർജിയുണ്ടാകും. അതുകൊണ്ട് തന്നെ ചികിത്സയിലാണ്. മഞ്ഞളോ തൈരോ ഒന്നും മുഖത്ത് പുരട്ടാറില്ല. ഡോക്ടർ തരുന്ന മരുന്ന് മാത്രമാണ് ഉപയോഗിക്കുന്നത്.
വീട്ടിലെ ചെല്ലക്കുട്ടിയാണല്ലേ?
അങ്ങനെ പറഞ്ഞാലും തെറ്റില്ല. രണ്ട് അമ്മമാരാണ് വളർത്തുന്നത്. ചിറ്റയ്ക്ക് രണ്ട് ആൺമക്കളാണ്. അതുകൊണ്ട് ഞാൻ ചിറ്റയുടെയും കൂടി മോളാണ്. എന്നെ ഒരുക്കി നടത്താനും കലാമത്സരങ്ങളിൽ പങ്കെടുപ്പിക്കാനുമൊക്കെ അമ്മയേക്കാൾ ചിറ്റയ്ക്ക് ആയിരുന്നു വലിയ ആഗ്രഹം. ഇപ്പോൾ ഞങ്ങളെല്ലാം ഒന്നിച്ചാണ് താമസിക്കുന്നത്. എനിക്കിഷ്ടമുള്ള ആഹാരമൊക്കെ വച്ചുണ്ടാക്കുന്നതിനും എനിക്ക് വേണ്ട ഷോപ്പിംഗ് നടത്തുന്നതിലുമൊക്കെ ചിറ്റയാണ് മുന്നിൽ നിൽക്കുന്നത്. ഷൂട്ടിനൊക്കെ കൂടെ വരാറുമുണ്ട്. പിന്നെ വീട്ടിൽ അമ്മൂമ്മയുമുണ്ട്.