surendran

​​​കാസർകോട്: അപര സ്ഥാനാര്‍ത്ഥി സുന്ദരയ്‌ക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ കോഴ കൊടുത്തെന്ന ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

ഇന്നലെയാണ് ബദിയടുക്ക പൊലീസ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 171(ബി) പ്രകാരമുള്ള കേസ് ആയിരുന്നു സുരേന്ദ്രന് എതിരെ ആദ്യം രജിസ്റ്റര്‍ ചെയ്‌തിരുന്നത്. എന്നാല്‍ രാത്രിയോടെ മറ്റ് വകുപ്പുകള്‍ കൂടി ചേര്‍ക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍വച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചേര്‍ത്തിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയിലാണ് സുരേന്ദ്രന്‍റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നാണ് കേസ്. സുരേന്ദ്രനെതിരെ സുന്ദര നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സുന്ദരയുടെ മൊഴി ബദിയടുക്ക പോലീസ് എടുത്തിരുന്നു.

അതേസമയം, വിവാദമായ തൃശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ച ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഇതിനായുളള നടപടിക്രമങ്ങൾ ഡൽഹിയിൽ ഇ ഡിയുടെ ആസ്ഥാനത്ത് ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്‌ടര്‍ റാങ്കിലുള്ള ഐ ആര്‍ എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും.

കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കള്ളപ്പണം സംബന്ധിച്ച കേസ് ആയതിനാല്‍ ഇ ഡിയുടെ അന്വേഷണ പരിധിയില്‍ വരും. കേസില്‍ കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്. ആദ്യ ഘട്ടത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ ഉണ്ടായ ഈ കാലതാമസമാണ് ഇപ്പോള്‍ പൊലീസിന് വിനയാകുന്നത്.

പ്രതികളുടെ ബന്ധുക്കളെ ഉള്‍പ്പടെ ചോദ്യം ചെയ്‌തതില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷത്തോളം രൂപയെ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ. കേസില്‍ 21 പ്രതികള്‍ പിടിയിലായിട്ടുണ്ടെങ്കിലും കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേരെ ചോദ്യം ചെയ്‌തിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെ ജയിലിൽ എത്തി ചോദ്യം ചെയ്യാനാണ് നീക്കം.

വാഹനത്തില്‍ പണം ഉണ്ടെന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയ റഷീദിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതേസമയം, കേസിലെ രാഷ്ട്രീയ ബന്ധം കണ്ടെത്തുന്നതിനായുള്ള ബി ജെ പി നേതാക്കളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.