ആത്മാവുള്ള ഗാനങ്ങൾ മാത്രമെഴുതി രണ്ടു പതിറ്റാണ്ടുകാലം പിന്നിട്ട, ഇന്നിന്റെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവ് പറയുകയാണ്, താൻ എന്തും എഴുതാറില്ല, എന്തെങ്കിലുമുള്ളതേ എഴുതാറുള്ളൂവെന്ന്! മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാനപുരസ്കാരം അഞ്ചു തവണ നേടിയ റഫീക്ക് അഹമ്മദ് വെളിപ്പെടുത്തിയത് മാനങ്ങളേറേയുള്ളൊരു യാഥാർത്ഥ്യം. ഒരു പിന്നണിഗാനത്തിൽ, സാധാരണ ഏറ്റവും പിന്നിലാകാറുള്ള വരികളെന്ന അതിന്റെ ഭാഷാഘടകം, മുന്നിട്ടുനിൽക്കുകയെന്നത് മലയാള സംഗീതലോകത്ത് അപൂർവമായേ സംഭവിച്ചിട്ടുള്ളൂ! മുൻകൂട്ടി ചെയ്തുവെച്ച സംഗീതസങ്കലനത്തിൽ, അവശേഷിക്കുന്ന ഇടങ്ങളിൽ മാത്രം വരികളെ ബലമായി തിരുകിക്കയറ്റുന്ന രീതി അടിസ്ഥാന ശാസനമായി അംഗീകരിക്കപ്പെട്ടതിനു ശേഷമാണിതെന്നുള്ളതാണ് റഫീക്കിന്റെ രചനകളുടെ യഥാർത്ഥ വിജയം!
പ്രശസ്തർ അണിനിരക്കുന്ന ബോളിവുഡ് പടത്തിന് തിരക്കഥ എഴുതിക്കൊണ്ട് ഒരു ചുവടുമാറ്റത്തിനു തയ്യാറെടുക്കുന്ന കവി സംസാരിക്കുന്നു.
ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയാണ് പുതിയ എഴുത്ത് ?
ഒരു പ്രണയകഥയാണ് എഴുതാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, നമ്മൾ സാധാരണ കാണുന്നൊരു ബോളിവുഡ് പടത്തിൽനിന്ന് അൽപ്പം വ്യത്യാസമായൊരു രീതിയിലായിരിക്കും ഈ സിനിമ. ഡൽഹിയിൽ ജീവിക്കുന്ന ഒരു മലയാളി കുടംബത്തെ ചുറ്റിപറ്റിയുള്ളതാണ് മൂലകഥ. കഥയുടെ കുറെ ഭാഗം നടക്കുന്നത് നഗരങ്ങളിലും, ബാക്കിയുള്ളത് കേരളത്തിലെ ഗ്രാമാന്തരീക്ഷത്തിലുമാണ്. മലയാള സിനിമാ നിർമ്മാണ ലോകത്ത് കുറച്ചുകാലമായുള്ള വിജേഷ് മണിയാണ് സംവിധായകൻ. അദ്ദേഹം ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് പടങ്ങൾ ചെയ്ത് പരിചയസമ്പന്നനാണ്. കാവ്യഭംഗിയുള്ളൊരു ലവ് സ്റ്റോറിയാണ് ഞങ്ങൾ ചെയ്യുന്നത്. എല്ലാം ശരിയായിവരുമെന്ന് പ്രതീക്ഷിക്കുന്നു.
ബോളിവുഡിലേക്കുള്ള യാത്ര മലയാളികൾക്ക് ഒരു നഷ്ടമാകുമോ?
മലയാള സിനിമയുടെ ചരിത്രത്തിൽ ഒന്നിൽകൂടുതൽ മേഖലയിൽ ഒരേസമയത്ത് സജീവമായി പ്രവർത്തിച്ച പ്രഗത്ഭരായ പലരും ഉണ്ടായിട്ടുണ്ട്. ഭാസ്കരൻ മാഷും, തമ്പി സാറും മുതൽ ഗിരീഷ് പുത്തഞ്ചേരി വരെയുള്ളവർ ഒരേസമയത്ത് ഗാനരചയിതാക്കളും തിരക്കഥാകൃത്തുക്കളുമായി പ്രവർത്തിച്ചിട്ടുണ്ട്. പുതിയൊരു മേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ട് പഴയതിനെ കയ്യൊഴിയേണ്ടതില്ലല്ലൊ! ഞാൻ തന്നെ കവിതയെഴുത്തും ഗാനരചനയും നോവലെഴുത്തും ഒരുമിച്ചുകൊണ്ടുപോകുന്നില്ലേ? തിരക്കഥയെഴുത്തും കൂടെ നടക്കും. സിനിമയൊന്നുമായില്ലെങ്കിലും, ഇതിനുമുന്നെ രണ്ടു തിരക്കഥകൾ രചിച്ചിട്ടുമുണ്ട്.
രചന റഫീക്കാണെങ്കിൽ, ഒരു ഗാനത്തിന്റെ സംഗീതത്തേക്കാൾ ജനപ്രിയമാകുന്നത് അതിന്റെ വരികളാണ് ?
ഞാൻ എന്തും എഴുതാറില്ല, എന്തെങ്കിലുമുള്ളതേ എഴുതാറുള്ളൂ! എന്തെങ്കിലുമുള്ള അക്ഷരങ്ങൾ എഴുതുന്നതിലേ അർത്ഥമുള്ളൂ. അതിനെനിക്കു കഴിയുന്നത് എന്നെ തേടിവരുന്നവർക്കുവേണ്ടി മാത്രം എഴുതുന്നതുകൊണ്ടാണ്. എന്റെ പാട്ടു വേണോയെന്നു ചോദിച്ച്, സിനിമക്കാരുടെ പുറകെ പോകാറില്ല. അത് ബാദ്ധ്യതയാണ്. പാട്ടിന്റെ മാത്രമല്ല, പടത്തിന്റെ പരാജയത്തിനുപോലും പാട്ട് എഴുതിയ ആളിനെ കുറ്റപ്പെടുത്തും. പടം ചെയ്യുന്നവർക്ക് എന്നെക്കുറിച്ചൊരു ധാരണയുണ്ട്. അതനുസരിച്ചാണ് അവർ എന്നെ സമീപിക്കുന്നത്.
സ്വന്തം സൃഷ്ടികളെ സ്വയം വിശകലനം ചെയ്യാറുണ്ടോ?
അക്ഷരരേഖകൾ ഉൾവഹിക്കുന്ന അർത്ഥഗാംഭീര്യം തന്നെയാണ് ഏതൊരു ഗാനത്തേയും ജനപ്രിയമാക്കുന്നത്. എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ, എല്ലാവരേയും ആകർഷിക്കുന്ന രീതിയിൽ എഴുതിയാലേ വരികൾക്കു സ്വീകാര്യത ലഭിക്കൂ. 'മൺവീണയിൽ മഴ ശ്രുതിയുണർത്തി, മറവികളെന്തിനോ ഹരിതമായി..."എന്ന പാട്ട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ശമനതാളം" മെഗാസീരിയലിന്റേതാണ്. കഥയിലെ രോഗഗ്രസ്തയായ സ്ത്രീകഥാപാത്രത്തിനുവേണ്ടിയായിരുന്നു ഈ ഗാനം. താളക്കേടുകളിലൂടെ സഞ്ചരിച്ചു ശമനതാളത്തിലെത്താൻ വെമ്പുന്നവരുടെ മൂഡാണ് ഈ ഗാനത്തിൽ ഞാൻ അക്ഷരങ്ങളിലൂടെ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ, ചിത്ര ഇത്രയും ഹൃദയസ്പർശിയായ മറ്റൊരു പാട്ട് പാടിയിട്ടില്ല! ഈ ഗാനത്തിന്റെ മാസ്മര സംഗീതത്തിന്റേയും തേനൂറും ശബ്ദത്തിന്റേയും കൂടെ നിൽക്കാൻ എന്റെ വരികൾക്കു സാധിച്ചുവെന്നതിൽ ഏറെ സന്തോഷമുണ്ട്.
സീരിയലുകൾക്ക് സർക്കാർ തലത്തിൽ അംഗീകാരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ, മികച്ച ഗാനരചനക്ക് പുരസ്കാരം ലഭിക്കുമായിരുന്നില്ലേ?
'ശമനതാളം"എനിക്കു തന്ന ഏറ്റവും വലിയ പുരസ്കാരം, ഒരു ഗാനരചയിതാവായി ജനം എന്നെ ഹൃദയം കൊണ്ടു ശ്രവിക്കാൻ തുടങ്ങിയത് ഇതിലൂടെയെന്നുള്ളതാണ്! മനുഷ്യ മനസിലെയും ശരീരത്തിലെയും മാലിന്യങ്ങളെ പരിശോധിച്ചു കണ്ടുപിടിക്കുന്ന, മെഡിക്കൽ രംഗത്തെ കന്നി സംരംഭം. മലയാളത്തിൽ ആദ്യമാണ് ഇങ്ങനെയൊന്ന്. കഥയിലെ കാതലായതൊന്നും നഷ്ടമാവാതെതന്നെ ശ്യാമപ്രസാദ് ശമനതാളം ചിത്രീകരിച്ചിട്ടുണ്ട്. 'ശമനതാളം"ടെലിവൈസ് ചെയ്തിട്ടു പത്തിരുപത് വർഷമായി.
ഗാനരചയിതാവിനുള്ള കേരള സർക്കാറിന്റെ പുരസ്കാരം ആദ്യം ലഭിച്ച 'പ്രണയകാല"ത്തെ കുറിച്ച്?
കുറെ നല്ല പാട്ടുകളുണ്ടതിൽ. ചിത്ര, സുജാത, ഗായത്രി, കല്യാണി മേനോൻ, സയനോര, വിധു, ഫ്രാങ്കോ... എല്ലാവരും പാടുന്നുമുണ്ട്. ഔസേപ്പച്ചന്റെ സംഗീതം. ഇതിലെ ഒമ്പതു പാട്ടുകളും ഹിറ്റാണ്! 'ഒരു വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം..." ഈ ഗാനം എനിക്കു പ്രത്യേകിച്ചു സംതൃപ്തി നൽകിയൊരു രചനയാണ്. വരികളൊന്നും ഒരു മുൻവിധിയോടെ എഴുതുന്നതല്ല. പലപ്പോഴും അവ പ്രതീക്ഷിക്കാതെ വന്നുചേരുന്നതാണ്. സൂഫി പറഞ്ഞ കഥ, സദ്ഗമയ, സ്പിരിറ്റ്, എന്ന് നിന്റെ മൊയ്തീൻ ഇവയ്ക്കെല്ലാം സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു.
റഫീക്കിന്റെ ചില ഗാനങ്ങളിൽ പദ്യത്തിന്റെ സ്വാധീനം പ്രകടമാണ്?
നേരത്തെ എഴുതിയ 'മരണമെത്തുന്ന നേരത്ത്" എന്ന കവിതയാണ് 'സ്പിരിറ്റി"ൽ ഗാനമായി ഉപയോഗിക്കപ്പെട്ടത്. സംവിധായകൻ രഞ്ജിത്തിന് പടത്തിലെ ഒരു പ്രത്യേക സന്ദർഭത്തിൽ ആ കവിത വളരെ അനുയോജ്യമായി തോന്നിയതുകൊണ്ടാണ് ഉൾപ്പെടുത്തിയത്. 'മരണമെത്തുന്ന നേരത്ത്"സിനിമയിൽ വന്നതിനുശേഷം കൂടുതൽ ശ്രോതാക്കൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ഈ പാട്ടെഴുതിയതിന് ഒരാൾ സൈക്കിൾ സമ്മാനമായിത്തന്നു. ഞാൻ സൈക്കിൾ ഉപയോഗിക്കുന്ന ആളാണ്. സൈക്കിൾ കടയിൽചെന്ന് ഇഷ്ടപ്പെട്ടതൊന്നു തിരഞ്ഞെടുക്കുന്ന സമയത്ത്, കടക്കാരന് എന്നെ അറിയില്ലായിരുന്നു. 'മരണമെത്തുന്ന നേരത്ത്..." എഴുതിയ ആളാണെന്നറിഞ്ഞപ്പോൾ, അയാൾ സൈക്കിൾ വീട്ടിലെത്തിച്ചു. എത്ര നിർബന്ധിച്ചിട്ടും അതിന്റെ വില സ്വീകരിച്ചില്ല!
ഒരു ഗാനരചനയുടെ തുടക്കം എങ്ങനെയാണ് ?
പടം ചെയ്യുന്നവരുടെ നിർദ്ദേശങ്ങളാണ് ആദ്യത്തെ ഇൻപുട്ട്. പാട്ടിന്റെ സാഹചര്യം, സംജാതമാക്കേണ്ട വൈകാരികത മുതലായവയെല്ലാം മനസിലാക്കാൻ ശ്രമിക്കും. പിന്നീട് അവ വരികളായി മാറുന്നത് തികച്ചും സ്വാഭാവികമായാണ്. അതേസമയം കവിതയുടെ സൃഷ്ടിയിൽ ബോധപൂർവമായി ഒന്നുമില്ല. എല്ലാം യദൃച്ഛയാ സംഭവിക്കുന്നു. ആശയങ്ങൾക്ക് പൂർവകാല അനുഭവങ്ങളുടെ സ്വാധീനമുണ്ടാകാം, പക്ഷേ കവിത വളരെ ആത്മനിഷ്ഠമായിത്തന്നെയാണ് മനസിൽ ഉടലെടുക്കുന്നത്.
കവിതയുടെ ആന്തരാർത്ഥങ്ങൾ, കവിയുടെ മനോവികാരത്തിനനുസരിച്ചുവേണം നിർവചിക്കാൻ എന്നാണോ?
ആന്തരാർത്ഥങ്ങളിൽ വ്യതിയാനമുണ്ടാകുന്നത് ബോധപൂർവം തിരഞ്ഞെടുത്തു നടത്തുന്ന രചനകളിലാണ്. പ്രചോദനം ലഭിച്ച ബാഹ്യാവസ്ഥയ്ക്ക് വന്നുചേരുന്ന സ്ഥിതിഭേദങ്ങൾ കവിതയുടെ ആന്തരാർത്ഥങ്ങളെ പുനർവിചിന്തനം ചെയ്യാൻ പ്രേരപ്പിക്കുന്നു. എന്നാൽ, എന്റെ കവിതകളിലെ പ്രമേയങ്ങൾ ബോധപൂർവം തിരഞ്ഞെടുത്തവയല്ല. കവിതകൾ എനിക്കു വീണുകിട്ടാറാണ് പതിവ്! കുഞ്ഞിക്കയുടെ (പി.ടി. കുഞ്ഞുമുഹമ്മദ്) 'ഗർഷോ" മിൽ ഗാനരചയിതാവായി. ഇത് 1999ലെ കഥയാണ്. അതിനുമുന്നെ, 'സ്വപ്നവാങ്മൂലം" എഴുതിയ യുവ കവി ആയിരുന്നു.
ഒരു കവിയെ പൂർണമായും ചലച്ചിത്രം ദത്തെടുത്തിരിക്കുന്നു?
കവിതകൾ ഇപ്പോഴുമെഴുതുന്നുണ്ട്. സിനിമാ രംഗത്തു വന്നതിനുശേഷമാണ് എന്റെ മിക്ക കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചതുതന്നെ. പാറയിൽ പണിഞ്ഞത്, ആൾമറ, ചീട്ടുകളിക്കാർ, ശിവകാമി, ഗ്രാമവൃക്ഷത്തിലെ വവ്വാൽ, റഫീക്ക് അഹമ്മദിന്റെ കവിതകൾ എന്നിവ. ആദ്യനോവൽ 'അഴുക്കില്ലം" എഴുതിയത് അടുത്ത കാലത്തല്ലേ! സിനിമയിൽ തിരക്കിലായിരിക്കുമ്പോൾതന്നെ. ഗാനരചനക്കുവേണ്ടി കവിതയെഴുത്തു നിർത്തിയിട്ടില്ല. സർക്കാർ ഉദ്യോഗമാണ് വേണ്ടന്നുവച്ചത്. വോളന്ററി റിട്ടയർമെന്റ് എടുത്തു. എല്ലാം ഒരുമിച്ചു കൊണ്ടുപോകുവാൻ കഴിയുന്നില്ല. സിനിമയിൽ പാട്ടെഴുതുന്നതുകൊണ്ടാണ് എന്റെ പേര് ഇങ്ങനെ പറഞ്ഞു കേൾക്കുന്നത്. ഒരുപക്ഷേ, അതിനാലായിരിക്കാം ജനങ്ങളെന്റെ കവിതകൾ വായിക്കുന്നതും. കാര്യമായൊരു സന്ദേശം സാധാരണക്കാരിലെത്തിക്കാൻ ഏറ്റവും ഫലപ്രദമായത് ചലച്ചിത്രഗാനങ്ങളാണ്. ഗൗരവരൂപമുള്ള കവിതകൾക്ക് പൊതുജനത്തിന്റെ പ്രീതി നേടാൻ പെട്ടെന്നു കഴിയില്ല.
കവിതക്കൊരു ബദലാകാൻ ചലച്ചിത്രഗാനത്തിനു പരിമിതികളില്ലേ?
ഉണ്ട്. ചലച്ചിത്രഗാനങ്ങൾ സ്വതന്ത്രമായൊരു കാവ്യസങ്കൽപമല്ല. ഒരു സിനിമയിലെ കഥക്കു പൊതുവായോ, ഒരു പ്രത്യേക സാഹചര്യത്തിനോ വേണ്ടിയാണ് ഒരു ഗാനമെഴുതുന്നത്. സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന മൂഡിന് അപ്പുറത്ത് ആ ഗാനത്തിനു സാദ്ധ്യതകളില്ല. സിനിമക്കു പുറത്തുള്ള ഒരു കവിതക്ക് ഇങ്ങനെയൊരു നിയന്ത്രണമില്ല.
പ്രത്യേകിച്ചു സന്ദേശമൊന്നുമില്ലാത്തവയോ?
അവയാണ് പ്രണയഗാനങ്ങൾ! ഈ തരത്തിൽപ്പെട്ട പാട്ടുകളാണ് പ്രണയങ്ങളുടെ പൊതു സ്വീകാര്യതക്കു പണ്ടു മുതലേ കാരണമായതും. പ്രണയിക്കാത്തവരും പ്രണയഗാനങ്ങളുമായി പ്രണയത്തിലാണ്.