krishnadas

​​​കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം നടക്കുന്നതെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്‌ണദാസ്. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍റെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്‍റെ പക പോക്കലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പിണറായി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലെന്നും കൃഷ്‌ണദാസ് പറഞ്ഞു.

നേരത്തെ കേസ് അന്വേഷിച്ച ഐ പി എസ് ഉദ്യോഗസ്ഥന്‍ കേസുമായി ബി ജെ പിക്ക് ബന്ധമില്ലെന്ന് പറഞ്ഞതാണ്. അതിനു പിന്നാലെ ആ ഉദ്യോഗസ്ഥനെമാറ്റി കുപ്രസിദ്ധ ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. വാളയാറില്‍ രണ്ട് കുഞ്ഞ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിച്ച കുപ്രസിദ്ധരായ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഇതൊരു അന്വേഷണ സംഘമല്ല അധോലോക സംഘമാണെന്നും കൃഷ്‌ണദാസ് ആരോപിച്ചു.

പിടികൂടിയ പ്രതികളില്‍ ബി ജെ പിയുമായി ബന്ധമുള്ള ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോയെന്ന് ചോദിച്ച അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളില്‍ ഒരാളൊഴിച്ച് എല്ലാവരും ഇടതുപക്ഷ സഹയാത്രികരാണെന്നും പറഞ്ഞു. വാദിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണം നടത്തുകയും ആളുകളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നതിന് പകരം പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണത്തിനായി വിളിപ്പിക്കാത്തത് എന്താണ്. ഇതിനുള്ള കാരണം പറയുന്നത് വളരെ രസമാണ്. വാദി കേസ് കൊടുത്തപ്പോള്‍ പറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നാണ് പറയുന്നത്. അതുകൊണ്ടാണ് വാദിയുടെ കോള്‍ലിസ്റ്റ് പരിശോധിക്കുന്നത്. ബി ജെ പി ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും കൃഷ്‌ണദാസ് വ്യക്തമാക്കി.