china

ജനീവ: കൊവിഡ് രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ചൈനയോട് ആവശ്യപ്പെടുന്നതിന് തങ്ങൾക്ക് സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ വൈറസ് അപകടകാരിയായി മാറിയത് എവിടെയെന്നുള‌ള പഠനത്തിന് ഊന്നൽ നൽകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഇക്കാര്യത്തിൽ ചൈനയെ നിർബന്ധിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ഏജൻസി ചെയ‌ർമാൻ മൈക്ക് റയാൻ വെളിപ്പെടുത്തി. കൊവിഡ് രോഗം കൂടുതൽ അപകടകാരിയായതിനെ കുറിച്ചുള‌ള പഠനത്തിൽ എല്ലാ രാജ്യങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് മൈക്ക് റയാൻ പറഞ്ഞു.

കൊവിഡ് രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വന്നതാണെന്നായിരുന്നു ലോകമാകെയുള‌ള ഒരു വാദം. വവ്വാലിനെയാണ് ഇതിന് കാരണമായി സംശയിക്കുന്ന ജീവി. മറ്റൊന്ന് ചൈനയിലെ വുഹാനിലെ ലബോറട്ടറിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയതാണ് വൈറസെന്നാണ്. ഇക്കാര്യങ്ങളിൽ പരിശോധനയ്‌ക്കായി ചൈനയിൽ ഈ വർഷമാദ്യം ലോകാരോഗ്യ സംഘടന ടീം സന്ദർശനം നടത്തിയിരുന്നു. ചൈനയുടെ കൈവശമുള‌ള എല്ലാ രേഖകളും പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.