benz

മുംബയ്: ഇന്ത്യൻ വാഹന പ്രേമികളുടെ വളരെകാലത്തെ കാത്തിരിപ്പിന് അവസാനമാകുന്നു. മെഴ്സിഡസ് ബെൻസിൻ്റെ എസ് യു വിയായ ജി എൽ എസിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലായ മേയ്ബാഷ് ജി എൽ എസ് 600 ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.2019 മുതൽ അന്താരാഷ്ട്ര വിപണിയിൽ സജീവമായ മെഴ്സിഡ‌സ് വാഹനമാണിത്.

ഒരു സിബിയു മോഡലായതിനാൽ തന്നെ പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച ശേഷമാണ് മേയ്ബാഷ് ജി എൽ എസ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

മെഴ്സിഡസിൻ്റെ സാധാരണ മോഡലുകളിൽ നിന്നും അവയുടെ മെയ്ബാഷ് പതിപ്പുകൾ ആഡംബരത്തിലും സൗകര്യങ്ങളിലും വിലയിലും ഒരുപടി മുന്നിൽ തന്നെ നിൽക്കാറാണ് പതിവ്. ആ പതിവ് ജി എൽ എസ്സിൻ്റെ മെയ്ബാഷ് മോഡലും പിന്തുടരാനാണ് സാധ്യത. ഇന്ത്യയിൽ മെഴ്സിഡസിൻ്റെ ജിഎൽഎസ് മോഡലിന് എക്സ് ഷോറൂം വില തന്നെ 1.05 കോടിക്ക് അടുപ്പിച്ച് വരുന്നുണ്ട്. അതിനാൽ തന്നെ ഇതിൻ്റെ മെയ്ബാഷ് പതിപ്പിന് ഏകദേശം മൂന്ന് കോടിക്ക് മേലെ എക്സ് ഷോറൂം വില വരും.

ഇന്ത്യയിലെ മറ്റ് ആഡംബര എസ് യു വികളായ ബെൻ്റ്ലിയുടെ ബെൻത്യാഗ, റോൾസ് റോയ്സിൻ്റെ കള്ളിനാൻ, മസാറെറ്റി ലെവാൻ്റെ, റെയ്ഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്നിവയുമായിട്ടാകും മെയ്ബാഷ് ജി എൽ എസ് ഇന്ത്യയിൽ മത്സരിക്കുക.

ജി എൽ എസ്സിൻ്റെ അതേ പ്ളാറ്റ്ഫോമിൽ തന്നെയാണ് മെയ്ബാഷ് ജി എൽ എസ്സും നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ വലിപ്പമേറിയതും വിശാലതയേറിയതുമാകും പുതിയ മോഡലും. എന്നാൽ നോർമൽ മോ‌ഡലിൽ ഉള്ളതിനേക്കാളും മേയ്ബാഷ് ബാഡ്ജ്, ക്രോമിൽ തീർത്ത റേഡിയേറ്റർ ഗ്രിൽ, ബമ്പറുകളെ ബന്ധിപ്പിച്ചുള്ള ക്രോം ഫിനിഷ് തുടങ്ങിയവ ഇതിൽ വരുന്ന അധിക ആഡംബരങ്ങളാണ്.

നാലു സീറ്റർ- അഞ്ച് സീറ്റർ എന്നീ മോഡലുകൾ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 3135 എംഎം വീൽബേസും പിൻസീറ്റ് യാത്രക്കാർക്ക് 1103 എംഎം ലെഗ്റൂമും ഈ വാഹനം നൽകുന്നുണ്ടെന്നതാണ് ഇതിൻ്റെ മറ്റൊരു സവിശേഷത. നാലു സീറ്റ് മോഡലിൽ പിൻ സീറ്റുകളുടെ നടുവിലായി ഒരു ചെറിയ റെഫ്രിജറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

542 ബിഎച്ച്പി പവറും 730 എൻ എം ടോർക്കും ഉദ്പാദിപ്പിക്കാൻ ശേഷിയുള്ള നാലു ലിറ്റർ വി8 എൻജിനാണ് മേയ്ബാഷ് ജി എൽ എസ്സിൻ്റെ കരുത്ത്.48 വാൾട്ട് ബൂസ്റ്ററുമായി ഘടിപ്പിച്ചിട്ടുള്ള ഈ എൻജിന് വേണമെങ്കിൽ 250 എൻ എം ടോർക്കും 21 ബി എച്ച് പി പവറും അധികമായി ഉദ്പാദിപ്പിക്കുവാൻ സാധിക്കും.