ലക്‌നൗ: സ്വകാര്യ ആശുപത്രിയിൽ ഓക്‌സിജൻ മോക് ഡ്രില്ലിനിടെ 22 പേർ മരിച്ചെന്ന് ഉടമയുടെ ഓഡിയോ സംഭാഷണം പുറത്ത്. ആഗ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഏപ്രിൽ 26ന് അഞ്ച് മിനിട്ട് നേരത്തേക്ക് നടത്തിയ ഓക്‌സിജൻ മോക്‌ഡ്രില്ലിൽ എത്ര പേർ മരിക്കും എത്രപേർ ജീവിച്ചിരിക്കുമെന്ന് മനസിലാക്കാനായിരുന്നു ലക്ഷ്യമെന്ന് ആശുപത്രി ഉടമയുടെ ഓഡിയോ ക്ളിപിൽ പറയുന്നു.
മുഖ്യമന്ത്രിക്ക് പോലും ഓക്‌സിജൻ ലഭിക്കാത്ത കനത്ത ഓക്‌സിജൻ ക്ഷാമമാണ് അന്ന് അനുഭവപ്പെട്ടത്. രോഗികളെ ഡിസ്‌ചാർജ് ചെയ്‌ത് കൊണ്ടുപോകാൻ പറഞ്ഞെങ്കിലും ബന്ധുക്കളാരും തയ്യാറായില്ല. തുടർന്നാണ് മോക് ഡ്രിൽ നടത്താൻ ജീവനക്കാരോട് ആവശ്യപ്പെട്ടതെന്നും നിമിഷനേരങ്ങൾക്കകം 22 രോഗികൾ മരിച്ചു. ഐസിയുവിലുണ്ടായിരുന്ന ഗുരുതരാവസ്ഥയിലുളള രോഗികളുടെ ബന്ധുക്കളോട് ഓക്‌സിജൻ സിലിണ്ടർ എത്തിക്കാൻ ആവശ്യപ്പെട്ടതായുമാണ് ആശുപത്രി ഉടമ ഡോ. അരിഞ്ജയ് ജെയിന്റെ ശബ്‌ദത്തിലുളള ഓഡിയോ ക്ളിപിൽ പറയുന്നു.
സംഭവത്തിൽ ആഗ്ര ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ആ രണ്ട് ദിവസങ്ങളിൽ ആശുപത്രിയിൽ ആകെ ഏഴ് പേർ മരിച്ചെന്നാണ് ലഭ്യമായ വിവരമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു.എൻ സിംഗ് പറഞ്ഞു. അന്ന് ഓക്‌സിജൻ ക്ഷാമമുണ്ടായെന്ന വിവരമില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
എന്നാൽ സംഭവം താൻ പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നും ഓക്‌സിജൻ ക്ഷാമമുണ്ടായാൽ രോഗികളുടെ നില പരിശോധിക്കാനാണ് മോക് ഡ്രിൽ നടത്തിയതെന്നുമാണ് ആശുപത്രി ഉടമ ഡോ. അരിഞ്ജയ് ജെയിൻ പറഞ്ഞു. മോക്ഡ്രിൽ നടത്തുന്നത് ഓക്‌സിജൻ വിതരണം നിർത്തിയല്ലെന്നും രാവിലെ ഏഴിന് മോക്ഡ്രിൽ തുടങ്ങിയെന്നും അതുവരെ 22 പേർ മരിച്ചെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കോൺഗ്രസ് ഉൾപ്പടെ വിവിധ കക്ഷികൾ വിമർശനം ഉന്നയിച്ചു.