കാലം 1967. കൊറോണയും ഓൺലൈൻ പ്രവേശനോത്സവപ്രഹസനങ്ങളൊന്നുമില്ലാഞ്ഞിട്ടും ജൂണിൽ സ്കൂളുകൾ തുറന്നിരുന്നില്ല. കാരണം അക്കാലത്ത് ആ ദേശത്ത് സ്കൂളുകളേ ഇല്ലായിരുന്നു..! അച്ഛനും അമ്മയും ഞാനും അനിയത്തിയും വയനാട്ടിലാണപ്പോൾ. കൃത്യമായി പറഞ്ഞാൽ ബത്തേരിക്കടുത്തു വടുവഞ്ചാലിൽ. അച്ഛന് അമ്പലവയൽ ബ്ലോക്കോഫീസിലായിരുന്നു പണി. അറുപതുകളിലെ വയനാട്, മലയും ചുരങ്ങളും കാടും കാപ്പിത്തോട്ടങ്ങളും പണിയക്കുടികളും മാത്രമുള്ള ഒരു അപരിഷ്കൃത ഭൂഭാഗമായിരുന്നു. അതിനാൽ അച്ഛൻ എന്നെ നാലാം വയസിൽത്തന്നെ ജൂൺ മാസമഴയിലൂടെ സിദ്ധാർത്ഥൻ മാമന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി. സിദ്ധാർത്ഥൻ മാമന്റെ അച്ഛനായിരുന്നു ആ കുടിപ്പള്ളിക്കൂടത്തിലെ മലയാളംമാഷും കണക്കുമാഷും ഇംഗ്ലീഷ് മാഷുമെല്ലാം. കൈമൂടിയ കമ്പിളിയുടുപ്പണിഞ്ഞ് കറുത്ത മഫ്ളർ കൊണ്ട് തലയാകെ ചുറ്റിക്കെട്ടിയ പേരറിയാത്ത ഒരു വന്ദ്യവയോധികൻ. മാഷ് വന്ദേമാതരവും എഞ്ചുവടിയും അക്ഷരമാലയും ചൊല്ലിപ്പഠിപ്പിച്ചു. എന്നോടൊപ്പം, കോഫി എസ്റ്റേറ്റിലെ സൂപ്രണ്ട് റെഡ്ഡിയുടെ മക്കളും വ്യത്യസ്ത ക്ലാസുകളിൽ പഠിക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്നാം പാഠാവലി പഠിച്ചപ്പോൾ അവർ രണ്ടും മൂന്നും ക്ലാസിലെ പുസ്തകങ്ങൾ പഠിച്ചു....
കുറിയ കാപ്പിച്ചെടികൾക്കുമേൽ മഴ വീണു ചിതറിയ പ്രഭാതങ്ങളും, റെയിൻ കോട്ടിട്ട് പണിയൻ ബോഗന്റെ കുടക്കീഴിൽ നാലഞ്ചു മൈൽ നനഞ്ഞു നടന്ന് കുടിപ്പള്ളിക്കൂടത്തിൽ പോയതും, ബബ്ളിമൂസ് മരത്തിലെ ഫുട്ബോളിന്റെ വലിപ്പമുള്ള പഴുത്ത മഞ്ഞക്കായകൾ സിദ്ധാർത്ഥൻ മാമൻ പൂളിത്തന്നതും ഒക്കെ ഇന്നും മഴത്തിരശീലയിലൂടെ തെളിയുന്ന കുടിപ്പള്ളിക്കൂടം ഓർമകൾ... ബബ്ളിമൂസോ! അത്തരമൊരു ഫലവർഗം പിന്നീട് ഞാൻ ഇന്നേവരെ കണ്ടിട്ടില്ല, കേട്ടിട്ടുമില്ല, പക്ഷേ രുചി നാവിൻ തുമ്പത്തുണ്ട്...!
രണ്ട്
അച്ഛന് സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റം കിട്ടി പയ്യന്നൂരിലെത്തിയത് എന്റെ ആറാം വയസിൽ. ഒപ്പം നാലു വയസുള്ള അനിയത്തിയും, ആറു മാസക്കാരനായ അനിയനെ ഒക്കത്തേന്തി അമ്മയും...
പണിയൻ ബോഗന്റെ കുടക്കീഴിൽ രണ്ട് ജൂൺ മഴ നനഞ്ഞ് കുടിപ്പള്ളിക്കൂടത്തിൽ പോയി മൂന്നാം ക്ലാസിലേക്കെത്തിയിട്ടും, മുച്ചിലോട്ടു സ്കൂൾ എന്ന പയ്യന്നൂർ സൗത്ത് എൽ.പി. സ്കൂളിൽ എന്നെ പ്രവേശിപ്പിച്ചത് രണ്ടാം ക്ലാസിൽ! മൂന്നാം ക്ലാസിനുള്ള വയസറിയിച്ചിട്ടില്ല എന്ന് മാനേജർ തിരുമുമ്പ് മാഷും ഏഡ് ചിണ്ടൻ മാഷും വിധിയെഴുതി. പയ്യന്നൂരമ്പലത്തിന്റെ തെക്കുള്ള ഗ്രാമമൈതാനിയിലെ വെള്ളക്കെട്ട് തുഴഞ്ഞ് 1969-ലെ ജൂണിൽ ഞാൻ രണ്ടാം ക്ലാസ് പാഠപുസ്തകം വീണ്ടും പഠിച്ചു തുടങ്ങി.... പിറ്റത്തേ കൊല്ലം, മൂന്നാം ക്ലാസിലേക്കെത്തിയ എന്നോടൊപ്പം അനിയത്തിയും ജൂൺമഴ നനയാനുണ്ടായിരുന്നു. ഒന്നാം ക്ലാസിലേക്കുള്ള അവളുടെ യാത്ര എന്റെ ചെറിയ കുടക്കീഴിൽ. അവളെ ഞാൻ കരുതലോടെ ചേർത്തു പിടിച്ച് മഴയിലൂടെ വെള്ളക്കെട്ടും താണ്ടി അഭിമാനത്തോടെ നടന്നു. വളരെ പിന്നീടാണ് ഞാൻ മുട്ടത്ത് വർക്കി സാറിന്റെ 'ഒരു കുടയും കുഞ്ഞുപെങ്ങളും' വായിച്ചത്. അപ്പോഴേക്കും ഒരു കുട മതിയാവാത്ത വിധം ഞങ്ങൾ വലുതായിപ്പോയിരുന്നു...!
മൂന്ന്
ആറാം ക്ലാസിൽ പഠിക്കാൻ കേളോത്ത് സെൻട്രൽ യു.പി. സ്കൂളിലേക്ക് ജൂൺ ഒന്നിന് നടന്നതും നിറഞ്ഞൊഴുകിക്കിടക്കുന്ന പാടം താണ്ടി! വീട്ടിലെ ജോലിക്കാരനായ കോലാൻ നാരായണന്റെ മകൻ രാഘവേട്ടന്റെ കുടക്കീഴിലാണ് ആ യാത്ര. മഴ തകർത്ത ആദ്യ ദിവസം തന്നെ നനഞ്ഞുകുളിച്ച് ബെല്ലടിച്ചശേഷം സ്കൂളിലെത്തിയ എന്നെ ക്ലാസിനു പുറത്തു നിർത്തി ഹെഡ് മാസ്റ്റർ ഗോപാലകൃഷ്ണയ്യർ എന്ന മണി മാഷ്...! അമ്പലച്ചിറക്കരെ മാഷുടെ അയൽവാസിയായിരുന്നിട്ടും മാഷുടെ മകൻ മുരളിയുടെ ചങ്ങാതിയായിത്തീർന്നിട്ടും ദയാദാക്ഷിണ്യമില്ലാത്ത ആ പെരുമാറ്റം പലവിധം പിന്നീടും തുടർന്നു. അവധിദിനങ്ങളിൽ മേലാകെ ഭസ്മം പൂശി പൂണൂലും തിരുപ്പിടിച്ച് വീട്ടിനു മുന്നിലൂടെ നാമം ജപിച്ച് അമ്പലത്തിലേക്കു പോകുന്ന മാഷെ കാണുമ്പോൾ , ഗേറ്റിനടുത്ത് അനിയത്തിയോടും അനിയനോടുമൊപ്പം ഗോട്ടികളിയിലേർപ്പെട്ടിരുന്ന ഞാൻ പേടിച്ചുവിറച്ച് അകത്തേക്കോടി.... പിന്നീടൊരു സാഹിത്യസമാജത്തിൽ പ്രസംഗത്തിനും പ്രബന്ധരചനയ്ക്കുമുള്ള ഒന്നാം സ്ഥാന സർട്ടിഫിക്കറ്റ് ചിരിച്ചുകൊണ്ട് മാഷ് തരുന്നതുവരെ അതു തുടർന്നു.
നാല്
1975 ജൂണിൽ പയ്യന്നൂർ സർക്കാർ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ എത്തിയതോടെ സാഹിത്യസമാജങ്ങൾ ഉന്മേഷഭരിതമായി. എ.കെ. കൃഷ്ണൻമാഷും പി. അപ്പുക്കുട്ടൻ മാഷും തുറന്നിട്ട പുസ്തകമുറികൾ എന്നെ നല്ല ഒരു വായനക്കാരനാക്കി. എഴുപത്താറിലെ ജൂൺ മാസത്തിലൊരു ദിവസം, പയ്യന്നൂരിൽ ഒരു കവിസമ്മേളനം ഉദ്ഘാടനം ചെയ്യാൻ മഹാകവി പി. കുഞ്ഞിരാമൻ നായർ വരുന്ന വിവരം അപ്പുക്കുട്ടൻ മാഷ് പറഞ്ഞു. മാഷും അതിൽ പങ്കെടുക്കുന്നുണ്ട്. പറ്റിയാൽ സ്കൂളിലേക്കു കൂട്ടി വരാമെന്നും മാഷ് പറഞ്ഞു. പൂച്ചെണ്ടും ഓട്ടോഗ്രാഫ് പുസ്തകവുമായി സാഹിത്യസമാജക്കാരായ ഞങ്ങൾ ചിലർ കാത്തിരുന്നു.
ഒടുവിൽ ആ മുഹൂർത്തം വന്നണഞ്ഞു. മഴയിലൂടെ ഒരു നരച്ച അംബാസിഡർ കാർ വന്ന് ഗേറ്റിൽ നിന്നു. മരപ്പിടിയുള്ള വളയൻ കാലൻ കുട തുറന്ന് മഹാകവി ഇറങ്ങി. മഴ വകവെക്കാതെ ഞങ്ങൾ ഒന്നുരണ്ടു പേർ മുന്നോട്ടു നീങ്ങി. എന്റെ കൈയിലെ പൂച്ചെണ്ട് വാങ്ങി അദ്ദേഹം പല്ലില്ലാത്ത മോണ കാട്ടിച്ചിരിച്ചു. വലിയ ജൂബ്ബയുടെ പോക്കറ്റിൽ കയ്യിട്ട്, നനഞ്ഞുകുതിർന്ന കൽക്കണ്ടത്തുണ്ടുകളെടുത്ത് ഞങ്ങളുടെ ചുണ്ടിൽ തിരുകിയശേഷം, മഴവെള്ളമുതിരുന്ന ആ വിളറിയ ശീലക്കുടക്കു കീഴിൽ എന്നേയും ചേർത്തു പിടിച്ച് അദ്ദേഹം സ്കൂളിനു നേർക്കു നടന്നു.
(സതീഷ്ബാബു പയ്യന്നൂർ : 98470 60343 )