എങ്ങനെയെങ്കിലും ഈ കൊവിഡ് ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ... എന്ന് വിഷമിക്കുന്നവർ കൊവിഡ് കഴിഞ്ഞുള്ള കാലം ആരോഗ്യത്തോടെ തന്നെയിരിക്കാൻ ആവശ്യമായ ശ്രദ്ധ നൽകുന്നുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയിൽ ഒരു കാരണവശാലും കൊവിഡ് ബാധിതനാകരുത് എന്ന ചിന്തയ്ക്കും പ്രവർത്തികൾക്കും തന്നെയാണ് പ്രാധാന്യം നൽകേണ്ടത്. ആലസ്യം വെടിഞ്ഞ് അല്പം കൂടി ശ്രദ്ധിച്ചാൽ മാത്രമേ ആരോഗ്യത്തോടെ ജീവിക്കാനാകൂ എന്ന കാര്യം മറക്കരുത്.
കൊവിഡ് പോസിറ്റീവായവർക്ക് ആവശ്യത്തിന് കാറ്റും വെളിച്ചവും വേണമെന്നതും മുറിയിലാണെങ്കിൽ പോലും തളർച്ചയുണ്ടാകാത്ത രീതിയിൽ കുറേശ്ശെ നടക്കണമെന്നതും നിർബന്ധമാണ്.
എഴുന്നേൽക്കുന്നതിനും കഴിക്കുന്നതിനും കുളിക്കുന്നതിനും ഉറങ്ങുന്നതിനുമെല്ലാം ശീലിച്ച കൃത്യനിഷ്ഠ മുടക്കരുത്.
എളുപ്പം ദഹിക്കുന്ന ഭക്ഷണവും അതിൽത്തന്നെ പരമാവധി സസ്യാഹാരവും മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.എന്ത് രോഗലക്ഷണമാണോ പ്രകടമാകുന്നത് അതിനെ കൃത്യമായി ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി ഉപദേശം തേടുകയും വേണം.ഇത്തരം കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്നവർക്ക് കൊവിഡാനന്തര ബുദ്ധിമുട്ടുകളും കുറഞ്ഞുകാണുന്നുണ്ട്.
എന്നെങ്കിലുമൊരിക്കൽ ആന്റിജൻ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവായിരുന്നതുകൊണ്ട് ഞാൻ കൊവിഡ് നെഗറ്റീവാണ്, എനിക്കൊരു കുഴപ്പവുമില്ല... എന്ന് പറഞ്ഞ് ഒരു വർഷമായി നടക്കുന്നവരുണ്ട്. വീണ്ടും ഒരിക്കൽ പോലും കൊവിഡ് പരിശോധിച്ചിട്ടില്ലാത്തവരാണിവർ. ഇവരിൽ പലർക്കും കൊവിഡ് ബാധിച്ചിട്ടുള്ളവരായിരിക്കാം. പക്ഷേ അവർ അത് അറിഞ്ഞിട്ടുണ്ടാവില്ല. തുടർന്നുണ്ടായ പല ബുദ്ധിമുട്ടുകൾക്കും കൃത്യമായ ചികിത്സയിലേക്ക് പോയിട്ടുമില്ല. അത്തരം ബുദ്ധിമുട്ടുകളൊന്നും കൊവിഡിന്റേതായി പരിഗണിച്ചിട്ടുപോലുമില്ല.
ഒരിക്കൽ പോസിറ്റീവായവർ ഇനി കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പറയുന്നത് കേൾക്കാറുണ്ട്. യഥാർത്ഥത്തിൽ ഇപ്പോൾ കൊവിഡ് ബാധിച്ചത് കാരണം വൈറസിന്റെ ഇതേ വേരിയന്റിൽ നിന്ന് എത്രനാൾ സംരക്ഷണം കിട്ടുമെന്ന കാര്യത്തിൽ നിരീക്ഷണങ്ങൾ നടക്കുന്നതേയുള്ളൂ. മറ്റ് ഏത് വേരിയന്റിൽ നിന്നും എപ്പോൾ വേണമെങ്കിലും വീണ്ടും കൊവിഡ് ബാധിക്കാം. അത്തരം ആൾക്കാരിൽ അപകടസാദ്ധ്യത വർദ്ധിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ? കൊവിഡ് നെഗറ്റീവായ ശേഷം അന്തർസംസ്ഥാന യാത്രയോ വിദേശയാത്രയോ ചെയ്ത ശേഷം താമസിക്കാനായി ചെല്ലുന്ന വീട്ടിലുള്ളവർക്ക് കൊവിഡ് ഇല്ലെന്ന് ഉറപ്പിക്കുന്നത് നല്ലതായിരിക്കും. പുതിയ ഇടത്തിൽ നിന്ന് കിട്ടാൻ സാദ്ധ്യതയുള്ള കൊവിഡ് വൈറസ് ആയിരിക്കണമെന്നില്ല നേരത്തെ ബാധിച്ച് നെഗറ്റീവായത്.
ന്യൂമോണിയയുടെ ചികിത്സ വളരെ പ്രാധാന്യത്തോടെയാണ് കൊവിഡ് രോഗിയിൽ ചെയ്യേണ്ടത്. അത് കൈവിട്ടുപോയാൽ അപകടമാണ്. കൊവിഡ് രോഗ ലക്ഷണമുണ്ടെങ്കിൽ ടെസ്റ്റ് ചെയ്യാതെയും ക്വാറന്റൈനിൽ പ്രവേശിക്കാവുന്നതും 17 ദിവസമായാൽ റീടെസ്റ്റ് ചെയ്യാതെ തന്നെ പുറത്തിറങ്ങാവുന്നതുമാണ്.
ഇപ്പോൾ ഒരു വീട്ടിലുള്ള എല്ലാ അംഗങ്ങളും ഒരുമിച്ച് പോസിറ്റീവ് ആകുന്ന കാര്യവും അറിയാമല്ലോ? അതിൽ തന്നെ ചിലർക്ക് പ്രത്യേകിച്ച്, കുട്ടികൾക്ക് ഒന്നോ രണ്ടോ ദിവസത്തെ പനി കൊണ്ടു തന്നെ ലക്ഷണങ്ങൾ മറ്റൊന്നുമില്ലാത്ത വിധം മാറുന്നതായി കാണാം. തുടർന്ന് അവർ പുറത്തിറങ്ങി നടക്കുകയാണെങ്കിൽ അത് അപകടം ഉണ്ടാക്കാനിടയുണ്ട്. ആയതിനാൽ ടെസ്റ്റ് ചെയ്യാതെ ക്വാറന്റൈനിൽ പ്രവേശിക്കുന്നവർ 17 ദിവസം തികയ്ക്കേണ്ടതും കൃത്യമായും കൊവിഡാനന്തര ചികിത്സകൾ കൂടി ചെയ്യേണ്ടതുമാണ്.
എല്ലാ ബുദ്ധിമുട്ടുകളും മാറുന്നതുവരെ ലക്ഷണങ്ങൾ കുറവുള്ള കൊവിഡ് രോഗികൾക്കും കൊവിഡാനന്തര ബുദ്ധിമുട്ടുകൾക്കുമുള്ള ചികിത്സ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കും. അതിനായി ബന്ധുമിത്രാദികൾ, ആശാവർക്കർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെ ഉപയോഗപ്പെടുത്താവുന്നതാണ്.
അശ്രദ്ധ അപകടം വരുത്തും
കൊവിഡ് എന്തായാലും വന്നു, എന്നാലിനി മാസ്ക് വേണ്ട. അല്ലേൽതന്നെ ശ്വാസം കിട്ടുന്നില്ല... എന്നൊക്കെ പറയുന്നവരുണ്ട്. രണ്ട് ഡോസ് വാക്സിനുമെടുത്തു, ഇനിയൊന്നും പേടിക്കേണ്ടതില്ല എന്ന് കരുതുന്നവരിൽ പലരും വീണ്ടും അപകടത്തിലേക്കാണ് പോകുന്നതെന്ന കാര്യം മറക്കണ്ട. ഒരു തവണ പോലും കൊവിഡ് ബാധിക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഓരോരുത്തരും ചെയ്യേണ്ടത്. അതിനായി ബ്രേക്ക് ദ ചെയിൻ പോളിസി അനുസരിക്കുകയും വാക്സിനേഷൻ സ്വീകരിക്കുകയും ഇമ്യൂണോ മോഡുലേറ്റർ ആയ ആയുർവേദ ഔഷധങ്ങൾ ഉപയോഗിക്കുകയും വേണം.
കൊവിഡ് ബാധിച്ചവർ അവരുടെ ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് മരുന്ന് കഴിക്കണം.
പനിയില്ലെങ്കിൽ കുളിച്ചും വൃത്തിയായും മനസ്സമാധാനത്തോടെയും ശരിയായി ഭക്ഷണം കഴിച്ചും അല്പമായ വ്യായാമം ചെയതും പരമാവധി ഹോം ഐസൊലേഷനിൽ തന്നെ കഴിയണം. തുടർന്ന് നിൽക്കുന്ന ചുമ,പനി, നെഞ്ചിൽ ചിലയിടങ്ങളിൽ വിലങ്ങുന്ന വിധമുള്ള വേദന, വിറയൽ ശ്വാസംമുട്ട് തുടങ്ങിയവയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് പോകേണ്ടതുണ്ടോ എന്ന് ഡോക്ടറോട് അഭിപ്രായം ചോദിക്കണം. ഡോക്ടർ നിർദ്ദേശിച്ചാൽ പിന്നെ സമയം നഷ്ടപ്പെടുത്താതെ സൗകര്യമുള്ള ആശുപത്രിയിലേക്ക് പോകണം. രോഗലക്ഷണങ്ങൾ കുറഞ്ഞാൽ എപ്പോൾ വേണമെങ്കിലും തിരികെ വീട്ടിലേക്ക് വരാവുന്നതേയുള്ളൂ. അല്ലാതെ കൊവിഡി നെഗറ്റീവാകാൻ വേണ്ടി കാത്തിരിക്കേണ്ടതില്ല.
ഉറക്കമില്ലായ്മയും ആശയക്കുഴപ്പവും
കൊവിഡ് ബാധിച്ചവരിൽ കാണുന്ന മാനസികപ്രശ്നങ്ങളും ഉറക്കവും തമ്മിൽ ബന്ധമുണ്ട്. ഉറങ്ങാതെയും ഒറ്റയ്ക്കും ഇരിക്കുന്നവർക്ക് ചിന്തകളെ നിയന്ത്രിക്കാൻ സാധിക്കണമെന്നില്ല. എന്തും സംഭവിക്കാമെന്ന തോന്നലുള്ളവർക്ക് മനസമാധാനമുണ്ടാകുന്നതിനുപകരം ആശയക്കുഴപ്പമുണ്ടാകാം. ശരിയായ ഉറക്കം ലഭിക്കാത്തതും ശ്വാസം കിട്ടാത്തതും ദുസ്വപ്നം കാണുന്നതിനും കൂടുതൽ ഭയപ്പെടുന്നതിനും കാരണമാകും. ചിലപ്പോൾ ഉണർന്നാലും എന്തുചെയ്യണമെന്നറിയാതെ ശരീരം ചലിക്കുന്നില്ലെന്ന വിഷാദത്തോടെ കിടക്കുന്നവരുമുണ്ട്. ഹോം ക്വാറന്റൈനിലുള്ളവരാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലായി പറയുന്നത്. കൊവിഡ് സെന്ററുകളിൽ വേണ്ടപ്പെട്ടവരും പരിചയക്കാരും തൊട്ടടുത്ത് തന്നെ ഉണ്ടെന്ന സമാധാനമായിരിക്കാം അവിടെ പ്രശ്നങ്ങൾ കുറയുന്നതിന് കാരണം. ഇത് കൊവിഡാനന്തരവും കുറച്ചു നാൾ മുതൽ മൂന്ന് മാസം വരെ തുടരുന്നവരുണ്ട്. മുമ്പ് ചെയ്തിരുന്ന കാര്യങ്ങളിൽപോലും ആശയക്കുഴപ്പം ഉണ്ടാകുക, ചില കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ മുമ്പത്തെപ്പോലെ സാധിക്കാതെ വരിക, ചെയ്യാൻ ആരംഭിച്ച കാര്യങ്ങൾ പോലും മറന്നു പോവുക തുടങ്ങിയ രീതിയിലുള്ള ആശയക്കുഴപ്പവും പലരിലും കാണാറുണ്ട്. എന്നാൽ ഇവയൊക്കെയും ശാരീരിക, മാനസിക ഇടപെടലുകളും ചികിത്സയും ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ.