ന്യൂഡൽഹി: തന്നെ തട്ടിക്കൊണ്ടുവരികയും മർദ്ദിക്കുകയും ചെയ്‌തുവെന്നും സൗഹൃദം നടിച്ച പെൺകുട്ടി അതിന് കൂട്ടുനിന്നെന്നുമുളള ഡൊമിനിക്കയിൽ ജയിലിൽ കഴിയുന്ന വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെ വാദം തളളി യുവതി. ചോക്‌സിയെ തട്ടിക്കൊണ്ട് പോയതിലോ അയാൾ ജയിലിലായതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും ബാർബറ ജബറീക്ക അഭിപ്രായപ്പെട്ടു.
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാർബറ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 'ചോക്‌സിയുടെ ഒരു സുഹൃത്തായിരുന്നു ഞാൻ. എന്നോട് രാജ് എന്ന പേര് പറഞ്ഞാണ് പരിചയപ്പെട്ടത്. ആദ്യം സൗഹാർദ്ദത്തോടെ പെരുമാറിയ ഇയാൾ പിന്നീട് തന്നോട് ശൃംഗരിക്കാൻ തുടങ്ങി. ചോക്‌സി സമ്മാനിച്ച വജ്ര മോതിരങ്ങളും ബ്രേസ്‌ലറ്റും വ്യാജമായിരുന്നു. ബാർബറ പറയുന്നു.
പ്രശ്‌നത്തിൽ തന്റെ പേര് വലിച്ചിഴച്ചത് ചോക്‌സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുമാണ്. തട്ടിക്കൊണ്ട് പോയതുമായി തനിക്കൊരു ബന്ധവുമില്ലെന്നും ബാർബറ ആവർത്തിച്ചു. നേരത്തെ ആന്റിഗ്വ പൊലീസിനുളള കത്തിലാണ് ചോക്‌സി ബാർബറയുടെ വീട്ടിൽ നിന്ന് പത്തോളം കരുത്തരായ ആളുകൾ ആന്റിഗ്വ പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തന്നെ മർദ്ദിക്കുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്‌തെന്ന് ചോക്‌സി ആരോപിച്ചത്.
സ്‌നേഹം നടിച്ച് ബാർബറ തന്റെയൊപ്പം നടക്കാൻ കൂടിയാണ് സൗഹൃദം സ്ഥാപിച്ചതെന്നും കത്തിൽ ചോക്‌സി ആരോപിച്ചിരുന്നു. തന്നെ മർദ്ദിക്കുമ്പോഴും രക്ഷപ്പെടുത്താൻ ബാർബറ ശ്രമിച്ചില്ലെന്നും ചോക്‌സി കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനാണ് ബാർബറ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. അനധികൃതമായി രാജ്യത്ത് കടന്നുകയറിയതിന് മേയ് 24 മുതൽ ചോക്‌സി ഡൊമിനിക്കയിൽ തടവിലാണ്.