sajith-raina

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ 15 വർഷം മുമ്പുണ്ടായ ബോട്ടപകടത്തിൽ 20 കുട്ടികൾ മരിച്ച സംഭവം അനുസ്മരിച്ച് വാട്സാപ് സ്റ്റാറ്റസിട്ട മാദ്ധ്യമപ്രവർത്തകനെതിരെ കേസ്. ബന്ദിപോറ ജില്ലയിലെ പ്രാദേശിക മാദ്ധ്യമപ്രവർത്തകനായ സാജിത് റെയ്‌നയ്ക്കെതിരെയാണ് (23) സമാധാനം തകർക്കൽ, ഭീതി പരത്തുന്നതിനും കലാപത്തിനും കാരണമാകുന്നുവെന്നുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

2006ൽ വുളാർ തടാകത്തിൽ ബോട്ട് മറിഞ്ഞ് 20 കുട്ടികൾ മുങ്ങിമരിച്ചിരുന്നു. അപകടത്തിന്റെ ചിത്രങ്ങളുടെ സ്‌ക്രീൻ ഷോട്ടാണ് സാജിത് റെയ്ന വാട്സാപ്പിൽ പങ്കുവച്ചത്.

'ബോട്ട് തകർന്ന് മരിച്ച 20 കുട്ടികളെ ഓർമിക്കുന്നതിനാണ് ചിത്രം സ്റ്റാറ്റസാക്കിയത്. ആ പോസ്റ്റിന്റെ പേരിൽ, അവർ എനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.' -റെയ്ന പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം രണ്ടുതവണ സാജിത് റെയ്നയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

അവർ തന്റെ ഭാവിയെയും പ്രൊഫഷനെയും കുറിച്ച് ചിന്തിക്കുമെന്നും എഫ്.ഐ.ആർ പിൻവലിക്കുമെന്നാണ് കരുതുന്നതെന്നും സാജിത് റെയ്ന പറഞ്ഞു.