vaccine

ന്യൂഡൽഹി:കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വാക്‌സിൻ വിതരണ നയത്തിന് ഏകദേശം 50,000 കോടി രൂപ കേന്ദ്ര സർക്കാരിന് ചിലവ് വരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. എന്നാൽ ഇപ്പോൾ സഹായധനം തേടേണ്ട കാര്യമില്ല. മതിയായ ഫണ്ട് കേന്ദ്രത്തിന്റെ പക്കലുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുൻപ് രണ്ടാം ഘട്ടത്തിൽ ഫണ്ട് കണ്ടെത്തേണ്ടി വരും.

ആവശ്യത്തിന് വാക്‌സിനുകൾക്കായി വിദേശവാക്‌സിൻ കമ്പനികളെ സർക്കാർ പരിഗണിക്കുന്നില്ല. ഭാരത് ബയോടെക്, സെറം ഇൻസ്‌റ്റി‌റ്റ്യൂട്ട്, ബയോ-ഇ എന്നീ കമ്പനികളിൽ നിന്ന് വാക്‌സിനെത്തിക്കാനാണ് സർക്കാർ നീക്കമെന്ന് വിശ്വസ്‌ത കേന്ദ്രങ്ങളിൽ നിന്ന് വരുന്ന വിവരം.

വാക്‌സിൻ കമ്പനികൾക്കുള‌ള നഷ്‌ടപരിഹാരവും കേസുകളും തർക്കങ്ങളും അമേരിക്കൻ കോടതി മാത്രമേ പരിഗണിക്കാവൂ എന്ന മൊഡേണ, ഫൈസർ കമ്പനികളുടെ നിർബന്ധം കാരണമാണ് ഈ വാക്‌സിനുകൾ ഇന്ത്യയിലെത്തുന്നത് വൈകുന്നത്. അടുത്ത ജനുവരി വരെ മൊഡേണയ്‌ക്ക് ഇന്ത്യയിൽ വരാൻ പദ്ധതിയൊന്നുമില്ല. ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ, സെറം തയ്യാറാക്കിയ ഇന്ത്യയുടെ കൊവിഷീൽഡ്, റഷ്യയുടെ സ്‌പുട്‌നിക്ക് 5 എന്നിവയാണ് നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്‌സിനുകൾ. ഇതിൽ സ്‌പുട്‌നിക്ക് വളരെ കുറവ് എണ്ണമേ നൽകുന്നുള‌ളു.

ഹൈദരാബാദിലെ ബയോളജിക്കൽ-ഇ കമ്പനിയുടെ വാക്‌സിൻ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഇവയ്‌ക്കായി 1500 കോടി രൂപയുടെ 30 കോടി ഡോസുകൾ സർക്കാർ ബുക്ക് ചെയ്‌ത് കഴിഞ്ഞു.