toon

പ്രതിപക്ഷ നേതാവിന്റെ പദവി ഏറ്റെടുത്ത ശേഷം വി.ഡി.സതീശൻ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആദ്യം പൊട്ടിച്ചത് ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ അടപടലെ എതിർക്കുമെന്നായിരുന്നു. കെ. കരുണാകരനെ ഒതുക്കിയ ശേഷം വളർന്നുവന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അതിബുദ്ധിയിൽ 'ഇമ്മിണി ബല്യ' കേരളകോൺഗ്രസായി മാറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി നിയമസഭയിലെ നേതാവായി തിരഞ്ഞെടുത്തപ്പോഴായിരുന്നു ഈ ഭൂതോദയം. എന്നാൽ, ഇക്കാര്യത്തിൽ കെ.പി.സി.സി ഒരക്ഷരവും ഉരിയാടിയില്ല. കെ.പി.സി.സി പ്രസിഡന്റും കൺവീനറുമൊന്നും അത് കേട്ട ഭാവം കാണിച്ചില്ല. അല്ലെങ്കിലും യു.ഡി.എഫിന്റെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ് ഉള്ളപ്പോൾ സതീശന് എങ്ങനെ ഇത്ര കണിശമായി വർഗീയതയെക്കുറിച്ച് പറയാൻ കഴിയും?​ ഘടകകക്ഷികളും ഒന്നും മിണ്ടിയില്ല. അങ്ങനെ സതീശൻ ഒറ്റപ്പെട്ടു.

യു.ഡി.എഫിൽ സതീശനെ ഒറ്റപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കം കുറിച്ചുകാെണ്ട് കെ.കെ. ശൈലജ പറഞ്ഞത്. അല്ലെങ്കിലും പറവൂരിൽ നിന്ന് സതീശൻ ജയിച്ചു വന്നതു നോക്കിയാൽ തന്നെ വർഗീയ കക്ഷികൾക്കെതിരെ അത്ര ബലം പിടിക്കാൻ എങ്ങനെ കഴിയും?​ പറവൂരിലെ തീവ്രവാദ സ്വഭാവമുള്ള വർഗീയ കക്ഷികളുടെ പൂർണപിന്തുണയോടെയാണ് സതീശൻ ജയിച്ചു കയറിയത്. കാരണം. സതീശൻ സഭയിലെത്താതിരിക്കാൻ സി.പി.എം നോട്ടമിട്ടിട്ടുണ്ടെന്ന ശ്രുതി നില നിൽക്കെ നേരത്തെ തന്നെയുള്ള അവരുടെ പിന്തുണ കനത്ത തോതിൽ ഉറപ്പിക്കുകയായിരുന്നു സതീശൻ.

പോകെ പോകെ സതീശൻ നിലപാടുകളിൽ ഒറ്റപ്പെടുന്നതായി കാണാൻ കഴിയും. നിലപാടുകളിൽ ഉറച്ചുനിന്ന വി.എം.സുധീരനുണ്ടായ ഗതികേട് സതീശൻ ഓർത്താൽ നന്ന്. സഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതികർത്തവ്യതാമൂഢനെ പോലെയാണ് ഇരുന്നത്. ഞാൻ ഈ നാട്ടുകാരനല്ലേ... എന്ന മനോഭാവം. സതീശൻ വന്നത് എൻ.എസ്.എസ് നേതൃത്വത്തിനും രുചിച്ചിട്ടില്ല. വോട്ട് തേടി ഇവിടെ വന്നിട്ട് പിന്നെ നെറികേട് കാണിക്കുന്നു എന്നാണ് സമുദായനേതാക്കളെ പ്രീണിപ്പിക്കുന്ന നയമുണ്ടാകില്ല എന്ന സതീശന്റെ നിലപാടിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രതികരിച്ചത്.

യു.ഡി.എഫിനെതിരെ ആർ.എസ്.പി തിരിഞ്ഞു കഴിഞ്ഞു. ഷിബു ബേബി ജോൺ അവധിയെടുത്തതിനെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങൾ നിരവധിയാണ്. പ്രേമചന്ദ്രൻ യു.ഡി.എഫിൽ ഉറച്ചുനിൽക്കുകയും ഷിബുവും അസീസും ഇടതിലേക്ക് ചേക്കേറുകയും ചെയ്യുന്ന ഒരു കാലം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായേക്കാം. ഇതിനുളള രാഷ്‌ട്രീയ സാഹചര്യം ഉരുത്തിരിയാൻ വേണ്ടി കാത്തിരിക്കുകയാണ് ഷിബുവെന്നാണ് ചവറയിലെ പാണന്മാർ പാടി നടക്കുന്നത്.

യു.ഡി.എഫ് തിരിച്ചുവരുമെന്ന വിശ്വാസത്തിലിരിക്കുമ്പോഴും വീഴ്ചകൾ തിരുത്തുന്ന ഒരു അഭിപ്രായവും ഇതുവരെ എങ്ങുനിന്നും കേട്ടില്ല. കരുണാകരന്‍റെ കാലത്തിന് ശേഷം രൂപപ്പെട്ട അതിതീവ്ര ഗ്രൂപ്പ് സമവാക്യങ്ങളിൽ പിന്നാക്കക്കാർ, വിശേഷിച്ച് ഈഴവരും വിശ്വകർമ്മജരും അവസരം ലഭിക്കാതെ കോൺഗ്രസിൽ നിന്നകന്നപ്പോൾ ശേഷിച്ചത് ക്രിസ്ത്യൻ വിഭാഗക്കാരായ കുറച്ചു പേരും ഒരു വിഭാഗം നായൻമാരുമാണ്. നായൻമാരിൽ പലരും ഇപ്പോൾ ബി.ജെ.പിയോട് ആഭിമുഖ്യമുള്ളവരായി മാറിയിട്ടുമുണ്ട്.

അടിത്തറ ഇളകുന്ന വിധത്തിൽ പിന്നാക്കക്കാരുടെ വോട്ടുകളെല്ലാം പോയത് ഇടതിന്‍റെ സ്ഥാനാർത്ഥികൾക്കാണ്. വസ്‌തുതകൾ മനസിലാക്കാൻ ശ്രമിക്കാതെയുള്ള മുന്നോട്ടു പോക്ക് എന്തിനോ എന്തോ! ഏതായാലും ഭരണമില്ലാത്ത അവസ്ഥയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം. സിനിമയിലെ ഡയലോഗ് പോലെ, പിണറായി ഭരിക്കും സതീശൻ പാടുപെടും. സാമ്പാർ എന്തിനോ വേണ്ടി തിളയ്ക്കും.