gg

സിഡ്നി: ആസ്‌ട്രേലിയയിൽ ജീവിച്ചിരുന്ന ഏറ്റവും വലിപ്പമേറിയ ദിനോസറിന്റെ ഫോസിൽ കണ്ടെത്തി ഗവേഷകർ. ഭൂമിയിൽ ഇതുവരെ തിരിച്ചറിഞ്ഞ ഏറ്റവും വലിപ്പമേറിയ 15 ദിനോസർ വർഗങ്ങളിലൊന്നാണ് ആസ്‌ട്രേലിയൻ ഭൂഖണ്ഡത്തിൽ ജീവിച്ചിരുന്ന ആസ്ട്രലോട്ടിട്ടാൻ കൂപ്പറെൻസിസ് അഥവാ സൗത്തേൺ ടൈറ്റാനെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

ക്വീൻസ് ലാൻഡിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള ഒരു കൃഷിയിടത്തിൽനിന്നാണ് ഈ ഭീമാകാരൻ ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയത്. ഈ ദിനോസറുകൾക്ക് 6.5 മീറ്റർ ഉയരവും 30 മീറ്റർ നീളവുമുണ്ട്. ഏകദേശം ഒരു ബാസ്‌കറ്റ് ബോൾ കോർട്ടിന്റെ വലിപ്പമുളളദിനോസറിന് കൂപ്പർ എന്നാണ് ഗവേഷകർ പേര് നൽകിയിരിക്കുന്നത്.

സസ്യഭുക്കുകളായ സൗറോപോഡ്സ് എന്ന വിഭാഗത്തിൽപ്പെടുന്നതാണ് ഈ ദിനോസറുകൾ. വിന്റോനോട്ടട്ടാൻ, ഡയമണ്ടിനാസറസ്, സാവന്നാസറസ് എന്നീ വിഭാഗങ്ങളുമായി അടുത്ത ബന്ധമുള്ളതാണ് ഓസ്ട്രലോട്ടിട്ടാൻ കൂപ്പറെൻസിസ്.

ചെറിയ തലയും തൂണുകൾ പോലുള്ള കാലുകളും നീളമുള്ള കഴുത്തും വാലുമാണ് ഇവയുടെ പ്ധാന സവിശേഷതകൾ. ദിനോസറുകൾ 9.6 കോടി വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.