sudhakaran

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിനെതിരെയുളള കോൺഗ്രസിന്‍റെ കുന്തമുന, അതാണ് സാക്ഷാൽ കുംഭക്കുടി സുധാകരന്‍. കോണ്‍ഗ്രസിലെ ഗര്‍ജിക്കുന്ന സിംഹം മാത്രമല്ല, വിവാദങ്ങളുടെ ഉറ്റതോഴന്‍ കൂടിയാണ് ഈ നേതാവ്. കേസും പുക്കാറുമൊന്നും ഈ എഴുപത്തിമൂന്നുകാരന് പുത്തരിയല്ല.

1948ൽ കണ്ണൂർ നടാലിൽ വി രാവുണ്ണിയുടെയും കെ മാധവിയുടെയും മകനായി ജനനം. കെ എസ്‌ യുവിലൂടെയാണ് രാഷ്ട്രീയപ്രവേശം. കരുണാകരന്‍റെ വലംകൈ ആയിരുന്ന എൻ രാമകൃഷ്‌ണനിൽ നിന്നും കണ്ണൂർ ഡി സി സി പിടിച്ചെടുത്തതോടെ കണ്ണൂർ കോൺഗ്രസിന്‍റെ ശക്തിദുർഗമായി.

ഇ പി ജയരാജന്‍ വധശ്രമക്കേസ്, സേവറി ഹോട്ടല്‍ ബോംബാക്രമണം, നാല്‍പ്പാടി വാസു വധക്കേസ് തുടങ്ങി കേസുകളുടെ ഒരു ഒഴുക്ക് തന്നെയുണ്ട് ഈ നേതാവിന്. കണ്ണൂരിലെ പേരാവൂരിനടുത്ത് വച്ച് സുധാകരന്‍ ഒരു വധശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഇടമലയാര്‍ കേസില്‍ ജയിലില്‍ പോയി മടങ്ങിയെത്തിയ ബാലകൃഷ്‌ണപിള്ളയ്ക്ക് യു ഡി എഫ് ഒരുക്കിയ സ്വീകരണയോഗത്തില്‍ ഒരു ജഡ്‌ജിക്ക് ഒരാള്‍ കോഴവാഗ്‌ദ്ധാനം ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്ന് വരെ സുധാകരന്‍ പറഞ്ഞിട്ടുണ്ട്. സുധാകരന്‍ വലിയ പുലിവാലു പിടിച്ചു എന്നു ശത്രുക്കള്‍ കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ നിന്നും മണല്‍ കടത്ത് കേസില പ്രതിയെ ബലമായി മോചിപ്പിച്ച സംഭവം വിവാദം മാത്രമല്ല, വൈറലുമായി.

sudhakaran

കാര്‍ക്കശ്യവും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളും ആവേശം കൊള്ളിക്കാന്‍ കത്തിക്കയറുന്ന വാക്കുകളും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് കെ സുധാകരന്‍റെ മേല്‍വിലാസം. സംഘടനാ സംവിധാനം ദുര്‍ബലമായ പാര്‍ട്ടിയുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തില്‍ നയിക്കാനുള്ള നിയോഗം ഒരേസമയം അവസരവും വെല്ലുവിളിയുമാണ്. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനും ബൂത്ത്തലം മുതൽ പാർട്ടിയെ കെട്ടിപടുക്കാനും സുധാകരന്‍റെ കാര്‍ക്കശ്യം ഉപകരിക്കും.

കേഡര്‍ സ്വഭാവത്തില്‍ വിശ്വസിക്കുന്ന സുധാകരന് കോണ്‍ഗ്രസില്‍ ആ സംസ്‌കാരം വളര്‍ത്താന്‍ കഴിയുമോയെന്ന് കണ്ടറിയണം. പിണറായിയോട് പോരാടിയ സുധാകരന്‍റെ പാരമ്പര്യം കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ മതിയാവുമോയെന്നും കാണേണ്ടതാണ്. അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളിൽ ആർ എസ് എസും സി പി എമ്മും പരസ്‌പരം പോരടിച്ചു നിന്നപ്പോൾ അതിനിടയിൽ കോൺഗ്രസ് പാർട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്.

മൂര്‍ച്ചയുള്ള ആക്രമണം നടത്താതെ അയഞ്ഞ ശൈലി പിന്തുടരുന്നത് പാര്‍ട്ടിയെ ഇനിയും തളര്‍ത്തുമെന്ന ഭയം സാധാരണ പ്രവര്‍ത്തകര്‍ക്കുണ്ട്. നേരത്തെ കെ പി സി സി അദ്ധ്യക്ഷസ്ഥാനത്തേക്ക് പേര് പരിഗണിക്കുന്നുവെന്ന വാര്‍ത്ത പുറത്തെത്തിയപ്പോള്‍, താന്‍ അതിന് യോഗ്യനാണെന്ന നിലപാട് സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നാലെ പേരുകള്‍ പലതും ഉയര്‍ന്നുവന്നതോടെ സുധാകരന്‍ മൗനം പാലിച്ചു. സുധാകരനെ കൊണ്ടുവരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ഫ്ലക്‌സുകള്‍ കെ പി സി സി ആസ്ഥാനത്ത് ഉയര്‍ന്നപ്പോഴും സുധാകരന്‍ ഒന്നുംമിണ്ടിയില്ല. സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്‌മെന്‍റും ആയിരിക്കും അദ്ധ്യക്ഷപദത്തിലെത്തുന്ന സുധാകരന്‍റെ വെല്ലുവിളികള്‍. പാർട്ടിയുടെ സ്ഥാപനങ്ങൾക്ക് വരെ പ്രവർത്തിക്കാൻ ഫണ്ട് കണ്ടത്തേണ്ടതുണ്ട്.

sudhakaran

രമേശ് ചെന്നിത്തലയ്ക്ക് ശേഷം പാർട്ടി അദ്ധ്യക്ഷന്മാരായി എത്തിയ വി എം സുധീരനും എം എം ഹസനും മുല്ലപ്പള്ളി രാമചന്ദ്രനും പാ‍ർട്ടിയെ ഒരു തരത്തിലും മുന്നോട്ട് കൊണ്ടു പോകാനാവാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ​ഗ്രൂപ്പില്ലാതാക്കാൻ വന്ന കെ പി സി സി അദ്ധ്യക്ഷൻമാ‍ർ ഒടുക്കം സ്വന്തം ​ഗ്രൂപ്പൂണ്ടാക്കുന്ന കാഴ്‌ചയും ഇക്കാലയളവിൽ അണികൾ കണ്ടു. പിണറായി വിജയൻ എന്ന ഒറ്റനേതാവിന് കീഴിൽ എണ്ണയിട്ട യന്ത്രം പോലെയാണ് സി പി എമ്മും എൽ ഡി എഫും ഈ സർക്കാരും മുന്നോട്ട് പോകുന്നത്. യുവാക്കളെ വലിയ തോതിൽ ആകർഷിക്കാൻ ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ സി പി എമ്മിനായി. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിർത്താനുള്ള നയം നടപ്പിലാക്കുക വഴി പാർട്ടിയിലും സർക്കാരിലും തലമുറമാറ്റവും അവർ നടത്തി. ഇങ്ങനെ ഭാവി മുന്നിൽ കണ്ട് സി പി എം നീങ്ങുമ്പോൾ യുവാക്കൾക്ക് ഇടമില്ലാത്ത അവസ്ഥയാണ് കോൺ​ഗ്രസിൽ. ഈ ആക്ഷേപത്തിന് മറുപടി നൽകാൻ സുധാകരനാവും എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പ്രതീക്ഷിക്കുന്നത്.

എ, ഐ ​ഗ്രൂപ്പുകളെ തനിക്കൊപ്പം ഒരുമിച്ചു നിർത്തി കൊണ്ടുപോവുകയെന്നതാണ് സുധാകരന്‍റെ മുന്നിലെ മറ്റൊരു പ്രധാന വെല്ലുവിളി. സതീശനും സുധാകരനും നേരത്തെ ചെന്നിത്തല നയിച്ച വിശാല ഐ ​ഗ്രൂപ്പിൻ്റെ ഭാ​ഗമായിരുന്നു. എന്നാൽ ഇനി കാര്യങ്ങൾ മാറിമറിയും. എ -ഐ ​ഗ്രൂപ്പുകൾക്ക് ബദലായി ഉയ‍ർന്നു വരാനാവും ഇരു നേതാക്കളുടേയും ശ്രമം. പുതിയ ഊർജ്ജം വേണമെങ്കിൽ യുവാക്കളേയും സ്ത്രീകളേയും മുന്നണിയിലേക്ക് കൂടുതലായി കൊണ്ടു വരണം. സതീശൻ തലപ്പത്തിരിക്കുന്നതാണ് സുധാകരന് മുന്നിലെ ഏക ആശ്വാസം.

പാർലമെന്‍ററി രാഷ്ട്രീയത്തിലും സംഘടനാ രാഷ്ട്രീയത്തിലും ഒരേ സമയം നിറഞ്ഞ് നിൽക്കുന്ന അപൂർവ്വ നേതാക്കളിൽ ഒരാളാണ് കെ സുധാകരൻ. ആളു കൂടിയാൽ പാമ്പ് ചാവില്ലെന്ന മട്ടിൽ പാർട്ടിയെ നി‍ർജീവമാക്കിയതിൽ വലിയ പങ്കാണ് ജംബോ കമ്മിറ്റികൾക്കുള്ളത്. അധികാരവും പദവിയുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്താനാവില്ലയെന്ന ഈ വിഭാ​ഗം നേതാക്കളുടെ മനോ​ഗതിയെ ഏങ്ങനെ സുധാകരന് കൈകാര്യം ചെയ്യാനാവും എന്നത് അദ്ദേഹം പ്രവർത്തിച്ച് കാണിക്കേണ്ടതാണ്.