തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ.സുധാകരന് അഭിനന്ദനവുമായി വിവിധ നേതാക്കൾ. കേരളത്തിൽ മാറ്റത്തിന്റെ സമയമാണ് ഇതെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ പ്രതികരണം. പേട്ടയിൽ കെ.സുധാകരന്റെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചശേഷം പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ.
ഗ്രൂപ്പുകൾക്കും വ്യക്തിതാൽപര്യങ്ങൾക്കും അതീതമായി പാർട്ടി താൽപര്യവും ജനതാൽപര്യവും ഉയർത്തി കോൺഗ്രസിനെ ഒറ്റക്കെട്ടായി ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാൻ സുധാകരന് കഴിയട്ടെയെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ വി.എം സുധീരൻ ആശംസിച്ചു.
കോൺഗ്രസിൽ ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഒരു പേരും താൻ ഹൈക്കമാന്റിനോട് പറഞ്ഞിട്ടില്ലെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം. കോൺഗ്രസിനും യുഡിഎഫിനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചുകൊണ്ടുളള തീരുമാനം അംഗീകരിക്കുന്നെന്നും സുധാകരന് ആശംസകൾ അറിയിക്കുന്നെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.