ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്ന ആദ്യ സ്ളൊവേനിയക്കാരിയായി തമാര സിദാൻഷെക്ക്
സെമിയിൽ എതിരാളി അനസ്താസ്യ പാവ്‌ലുചെങ്കോവ
പാരിസ്:കരിയറിൽ ഇതുവരെ ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിനപ്പുറം കടന്നിട്ടില്ലാത്ത സ്ളൊവേനിയൻ താരം തമാര സിദാൻഷെക്ക് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ സെമിയിലെത്തി ചരിത്രം കുറിച്ചു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് താരം പൗള ബദോസയെ തോൽപ്പിച്ചാണ് ഗ്രാൻസ്ളാം സെമിയിലെത്തുന്ന ആദ്യ സ്ളൊവേനിയക്കാരിയായി സീഡ് ചെയ്യപ്പെടാത്ത തമാര മാറിയത്. മൂന്ന് സെറ്റ് നീണ്ടപോരാട്ടത്തിൽ 7-5, 4-6, 8-6 എന്ന സ്കോറിനായിരുന്നു തമാരയുടെ വിജയം.
റഷ്യൻ താരം അനസ്താസ്യ പാവ്‌ലുചെങ്കോവയാണ് സെമിയിൽ തമാരയുടെ എതിരാളി. ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ കസാഖിസ്ഥാൻ താരം എലേന റൈബാക്കിനയെയാണ് അനസ്താസ്യ തോൽപ്പിച്ചത്. സ്കോർ 6-7,6-2,9-7.ആറുതവണ ഗ്രാൻസ്ളാം ക്വാർട്ടർ ഫൈനലിൽ തോറ്റിട്ടുള്ള താരമാണ് അനസ്താസ്യ.
നാലാം സീഡായ സോഫിയ കെനിനെ അട്ടിമറിച്ച് 17-ാം സീഡായ മരിയ സക്കാരി ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിലെത്തി. തന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ളാം ക്വാർട്ടറിലേക്കാണ് പേരുകൊണ്ട് മരിയ ഷറപ്പോവയെ ഓർമ്മിപ്പിക്കുന്ന മരിയ സക്കാരി കാലെടുത്തുവച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യനായ ഇഗ ഷ്വാംടെക്കാണ് അവസാന എട്ടിൽ മരിയയുടെ എതിരാളി.
ഇത്തവണ ടൂർണമെന്റിൽ അവശേഷിച്ച ഏറ്റവും ഉയർന്ന സീഡുള്ള താരമായിരുന്നുവെങ്കിലും മരിയയോട് പൊരുതിനോക്കുക പോലും ചെയ്യാതെയാണ് സോഫിയ കെനിൻ കീഴടങ്ങിയത്. സ്കോർ: 6-1,6-3. കഴിഞ്ഞ സീസണിന്റെ ഫൈനലിൽ ഇഗയോട് മത്സരിച്ചത് കെനിനാണ്. ഇത്തവണ പ്രീക്വാർട്ടറിൽ മാർത്ത കോസറ്റ്യുക്കിനെ 6-3,6-4ന് കീഴടക്കിയാണ് ഇഗ അവസാന എട്ടിലേക്ക് കടന്നത്.