യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ലാത്വിയയെ 7-1ത്തിന് തകർത്ത് ജർമ്മനി
ഡുസൽഡ്രോഫ് : യൂറോ കപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഗോളിൽ കുളിച്ച് ജർമ്മനി. ഒന്നിനെതിരെ ഏഴുഗോളുകൾക്ക് ലാത്വിയയെയാണ് മുൻ ലോക ചാമ്പ്യന്മാർ കശക്കിവിട്ടത്. ആറു ജർമ്മൻ താരങ്ങൾ ലാത്വിയൻ വല കുലുക്കിയപ്പോൾ ഒന്ന് അവർ സെൽഫായും സമ്മാനിച്ചു.
റോബിൻ ഗോസെൻസ്,ഇക്കേയ് ഗുണ്ടോഗൻ,തോമസ് മുള്ളർ,സെർജി ഗ്നാബ്രി,ടിമോ വെർണർ. ലെറോയ് സാനേ എന്നിവരാണ് വലകുലുക്കിയ ജർമ്മൻ താരങ്ങൾ. റോബർട്ട് ഓസോൾസാണ് സെൽഫ് ഗോളടിച്ചത്. 19-ാം മിനിട്ടിൽ ഗോസെൻസിലൂടെയാണ് ആതിഥേയർ സ്കോറിംഗ് തുടങ്ങിവച്ചത്. ഗുണ്ടോഗൻ, മുള്ളർ,ഗ്നാബ്രി എന്നിവർക്കൊപ്പം ഓസോൾസും കൂടിച്ചേർന്നപ്പോൾ ആദ്യ പകുതിയിൽ ജർമ്മനി 5-0ത്തിന് ലീഡു ചെയ്തു.
50-ാം മിനിട്ടിൽ വെർണറും 76-ാം മിനിട്ടിൽ സാനേയും ചേർന്ന് ജർമ്മൻ പട്ടിക പൂർത്തിയാക്കി. സാനേ സ്കോർ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് സവേലീവ്സിലൂടെ ലാത്വിയ ആശ്വാസഗോൾ കണ്ടെത്തിയത്.
7-1
ഇതിനുമുമ്പ് 2014 ലോകകപ്പിന്റെ സെമിഫൈനലിൽ ആതിഥേയരായ ബ്രസീലിനെതിരെയാണ് ജർമ്മനി ഇതേ മാർജിനിൽ വിജയിച്ചത്. ആ ലോകകപ്പുയർത്തിയും ജർമ്മനിയായിരുന്നു.