gg

ബീജിംഗ്: ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 70 ശതമാനം വർധിച്ചുവെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അഞ്ച് മാസത്തിനിടെ 70.1 ശതമാനം വർധിച്ച് 48.16 ബില്യൺ അമേരിക്കൻ ഡോളറിലെത്തി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി അടക്കമുള്ള വിഷയങ്ങളിൽ വർദ്ധനവ് ഉണ്ടായതാണ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം കൂടാൻ ഇടയാക്കിയത്. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കം ഉൾപ്പെടെ സുപ്രധാന വിഷയങ്ങളിൽ ഭിന്നത നിലനിൽക്കമ്പോഴാണ് വാണിജ്യത്തിൽ വൻ വർദ്ധന രേഖപ്പെടുത്തിയതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലേക്കുള്ള കയറ്റുമതി ജനുവരി മെയ് കാലയളവിൽ 64.1 ശതമാനംവർദ്ധിച്ചപ്പോൾ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയിൽ 90.2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുത്തി, ചെമ്പ്, വജ്രം, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ ചൈനയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്തതെന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇന്ത്യയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ അടക്കമുള്ള മെഡിക്കൽ സാമഗ്രികൾ വൻ തോതിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു.