mb-rajesh

തിരുവനന്തപുരം: മധുരമൂറുന്ന ചക്കക്കേക്കിൽ മനം നിറഞ്ഞ് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. അതേസമയം ഏതുപായസത്തെയും വെല്ലും ചക്കപ്രഥമനെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഴ്ചച്ചന്തയുടെ ഭാഗമായി ചൊവ്വാഴ്ച പി ആന്റ് ടി ഹൗസിൽ ഒരുക്കിയ ചക്കമഹോത്സവത്തിലാണ് എം ബി രാജേഷും ശോഭന ജോർജും ചക്ക വിഭവങ്ങളുടെ രുചിയെപ്പറ്റി വാചാലരായത്.

ആനാട് ഇക്കോഷോപ്പിന്റെയും ആനാട് കൃഷി ഭവന്റെയും സഹകരണത്തോടെയാണ് ആഴ്ചച്ചന്ത സംഘടിപ്പിച്ചത്. ചക്കക്കേക്കിനും പ്രഥമനും കൂടാതെ ചക്കകൊണ്ടുള്ള ബജി, കട്ലറ്റ്, പുഴുക്ക്, ഉടച്ച കറി, അവിച്ച ചക്ക, പായസം, പഴം വറുത്തത് അടക്കമുള്ള വിഭവങ്ങളുമായാണ് കർഷകർ എത്തിയത്. സ്പീക്കര്‍ എം ബി രാജേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം ചക്കമഹോത്സവം ചെയ്തത്.

ശോഭന ജോർജ്, പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളായ സുരേഷ് വെള്ളിമംഗലം, ബി അഭിജിത്. അനുപമ ജി നായർ, ആർ കിരൺബാബു, ടി ശിവജികുമാർ, എ സുകുമാരൻ എന്നിവർ സംസാരിച്ചു. മാദ്ധ്യമപ്രവർത്തകർക്കായി ഖാദി ബോർഡ് നൽകിയ 500 സർജിക്കൽ മാസ്‌ക്കും അഞ്ചുലിറ്റർ സാനിറ്റൈസറും ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി നല്‍കിയ 1000 സർജിക്കൽ മാസ്‌ക്കും സ്പീക്കർ യൂണിയൻ ഭാരവാഹികൾക്ക് കൈമാറി. ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ എം റസീഫും സന്നിഹിതനായി.