v-d-satheesan

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്ത കെ. സുധാകരനെ അനുമോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുധാകരനെ സന്ദര്‍ശിച്ച അദ്ദേഹം ഹൈക്കമാന്‍റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടിയാണ് ഗ്രൂപ്പിനേക്കാള്‍ വലുതെന്നും പറഞ്ഞു. തലമുറമാറ്റം എന്നാല്‍ ഒരുപ്രായം കഴിഞ്ഞവരെ പൂര്‍ണമായി ഒഴിവാക്കുന്നതല്ലെന്നും സതീശൻ പ്രതികരിച്ചു.

സുധാകരന്റെ നിയമനം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും ജനാധിപത്യ വിശ്വാസികൾക്കും ആവേശമാകും. കോൺഗ്രസ്‌ കേരളത്തിൽ തിരിച്ചു വരും. പുതിയ വര്‍ക്കിം​ഗ് പ്രസിഡന്‍റുമാർ മികച്ച ടീമെന്നും സതീശൻ അഭിപ്രായപ്പെട്ടു.

അതേസമയം സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റായി നിയമിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി പ്രതികരിച്ചു. കേരളത്തിലെ തുടര്‍ഭരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അണികളിലും അനുഭാവികളിലും ഉണ്ടായ നിരാശ മാറ്റി പുതിയ ഉണര്‍വ് പകരാന്‍ സുധാകരന്റെ നേതൃത്വത്തിൽ കെ.പി.സി.സിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അണികളിലും അനുഭാവികളിലും യു.ഡി.എഫ് പ്രവര്‍ത്തകരിലും പുതിയ ഉണര്‍വും ആവേശവും ആത്മവിശ്വാസവും നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ കഴിവുകളും കെ.പി.സി.സി പ്രസിഡന്‍റിനും അദ്ദേഹത്തിന്‍റെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നതായും ആന്റണി കൂട്ടിച്ചേർത്തു. വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി നിയമിക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി. സിദ്ദിഖ് എന്നിവര്‍ക്കും ആന്റണി ആശംസകള്‍ നേര്‍ന്നു.