suo-motu-case

മുംബയ്: എൺപത്തിയഞ്ചു വയസുകാരൻ ഭാര്യയെ ആക്രമിച്ച സംഭവത്തിൽ സ്വമേധയാ കേസ് ഫയൽ ചെയ്ത് പൊലീസ്. പ്രതിയുടെ ഭാര്യ പരാതി നൽകാൻ തയ്യാറാകാഞ്ഞതോടെ ഉൽഹാസ്ന​ഗർ ഹിൽ ലെെൻ പൊലീസ് സ്വമേധയാ കേസ് ഫയൽ ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ വെെറലായിരുന്നു. വീഡിയോ വാർത്താ ചാനലുകളിൽ വന്നതിനു പിന്നാലെ പ്രതി അലൻദിയിലെ തന്റെ സ്വന്തം പട്ടണത്തിലേക്ക് പാലായനം ചെയ്തു.

സമൂഹത്തിലെ മോശം രീതികൾക്കും അസമത്വങ്ങൾക്കും എതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കീർത്തനങ്ങൾ ആലപിക്കുന്ന നാടോടി ​ഗായകനാണ് പ്രതിയായ ​ഗജാനൻ ബുവ ചികങ്കർ. ഇയാളുടെ പ്രവൃത്തി പ്രദേശത്തെ ജനങ്ങളെയാകെ ഞെട്ടിച്ചു. പ്രതിയുടെ കുടുംബാം​ഗങ്ങളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നും അവർക്ക് മുന്നറിയിപ്പ് നൽകിയതായും ഹിൽ ലെെൻ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ എം. ഖണ്ടാരെ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്ത കുറച്ചു ദിവസത്തേക്ക് വീട് തങ്ങൾ നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിയുടെ പതിമൂന്ന് വയസുളള ചെറുമകനാണ് വീഡിയോ റെക്കോർഡ് ചെയ്തത്. എൺപത് വയസുളള ഭാര്യയുമായുളള തർക്കത്തിനൊടുവിൽ മറ്റ് കുടുംബാം​ഗങ്ങളുടെ മുന്നിൽ വച്ചാണ് പ്രതി ഭാര്യയെ ആക്രമിച്ചത്. എന്നാൽ വീട്ടിലുണ്ടായിരുന്ന രണ്ട് പേരക്കുട്ടികളല്ലാതെ മറ്റാരും തന്നെ അയാളെ തടയാൻ ശ്രമിച്ചില്ല.

ദമ്പതികൾ താമസിക്കുന്നത് മല​ഗഡിനടുത്തുളള ദ്വാർലി ​ഗ്രാമത്തിലാണ്. ഇത് ഹിൽ ലെെൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. വീഡിയോയ്ക്ക് എട്ടു ദിവസം പഴക്കമുണ്ട്. അവരുടെ വീട്ടിലേക്ക് പൊലീസ് ചെന്നെങ്കിലും അപ്പോഴേക്കും ടി.വിയിൽ വീഡിയോ കണ്ട് പ്രതി ഓടിപ്പോയിരുന്നു. കേസ് ഫയൽ ചെയ്യാൻ ഭാര്യ വിസമ്മതിച്ചതോടെ പ്രതിക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.