ന്യൂഡൽഹി: കേരളത്തിലെ ഹിന്ദുയിതര സമുദായങ്ങളുമായി അടുപ്പം സ്ഥാപിക്കണമെന്നും അവരുടെ പിന്തുണ നേടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി കേരളാ ഘടകത്തിന് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമമായ 'ദ ഇന്ത്യൻ എക്സ്പ്രസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച തന്റെ ഔദ്യോഗിക വസതിയിൽ വച്ച് ചേർന്ന ചേർന്ന യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറിമാരോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
ബിജെപി കേരളത്തിൽ 'ദൃഢമായ' സഖ്യങ്ങൾ രൂപീകരിക്കേണ്ടതുണ്ടെന്നും സംസ്ഥാനത്തെ ക്രിസ്ത്യൻ സമുദായത്തെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള വഴികൾ നോക്കണമെന്നും മോദി നിർദ്ദേശിച്ചതായാണ് ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിയുമായി അടുക്കുന്ന കാര്യത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും യോഗത്തിൽ മോദി പറഞ്ഞു.
ക്രിസ്ത്യൻ സമുദായത്തിന് കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലുള്ള സൽപ്പേരും സ്വാധീനവും ഉപയോഗപ്പെടുത്താൻ പാർട്ടി ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായും മാദ്ധ്യമം പറയുന്നു.
ജയത്തിന്റെ കാര്യത്തിലായാലും വിജയത്തിന്റെ കാര്യത്തിലായാലും പാർട്ടി തിരഞ്ഞെടുപ്പിലെ തങ്ങളുടെ പ്രകടനം വിശദമായി പരിശോധിക്കണമെന്നും ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഓരോ സംസ്ഥാനത്തെയും പ്രാദേശിക ഭാഷയിൽ പാർട്ടി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ തുടങ്ങുകയും അത് ഫലപ്രദമായി ഉപയോഗിക്കുകയും വേണം. മോദി അറിയിച്ചു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ വലിയ പരാജയമേറ്റുവാങ്ങിയ തൃണമൂൽ കോൺഗ്രസ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയതെങ്ങനെയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും യോഗത്തിൽ മോദി പറഞ്ഞു. തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനം വിലയിരുത്താനായി ചേർന്ന രണ്ട് ദിവസം നീണ്ട റിവ്യൂ മീറ്റിംഗ് അവസാനിച്ച ശേഷമാണ് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തത്.