ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. കൊടകര കുഴൽപ്പണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയുടെ ആരോപണങ്ങൾ തുടങ്ങിയ വിവാദങ്ങൾ കനക്കുന്നതിനിടെയാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷനെ കേന്ദ്ര നേതൃത്വം രാജ്യതലസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുന്നത്.
ഈ വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് കേന്ദ്ര നേതാക്കൾഅദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. നാളെ ആഭ്യന്തര മന്ത്രി അമിത്ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതേസമയം, ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും സുരേന്ദ്രനൊപ്പം ഉണ്ടാകുമെന്നും വിവരമുണ്ട്. അതേസമയം മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ കെ സുന്ദരയെന്ന ബി എസ് പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
content details: k surendran called to delhi by central leadership.