ഉത്തർപ്രദേശ്: കാൺപൂരിൽ പാസഞ്ചർ ബസും ലോഡറും തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. അപകടത്തിൽ ഇരുപത്തിനാലോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാൺപൂരിനടുത്ത് സചെൻദിയിൽ ശതാബ്ദി എ.സി ബസ് ജെ.സി.ബി ലോഡറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. കാൺപൂരിൽ നിന്നും അഹമ്മദാബാദിലേക്ക് യാത്ര ചെയ്തിരുന്ന ബസ് അതിവേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. 15 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു.
വാഹനാപകടത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുവടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ തന്നെ സംഭവസ്ഥലത്തെത്താനും സാദ്ധ്യമായ എല്ലാ സഹായങ്ങൾ നൽകാനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.