ജലസംരക്ഷണത്തിനായുളള കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദി റെയിൻ പദ്ധതിയിൽ അണിചേരാൻ ആഹ്വാനം ചെയ്ത് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ജലസംരക്ഷണത്തിന്റെ ആവശ്യകതയും ക്യാച്ച് ദി റെയിൻ പദ്ധതിയെക്കുറിച്ചും വിവരിക്കുന്ന വീഡിയോയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആഗോളതാപനത്തിന്റെ വെല്ലുവിളികൾക്കിടയിൽ കൃഷിക്കും കുടിവെളളത്തിനുമെല്ലാം പ്രാണജല സംരക്ഷണത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രചാരണ പരിപാടിയാണ് ക്യാച്ച് ദി റെയിൻ. പാഴായിപ്പോകുന്ന മഴവെളളം സംഭരിക്കാൻ സ്ഥാപനങ്ങളെ മുതൽ വ്യക്തികളെ വരെ പ്രബോധിപ്പിക്കുന്ന ദേശീയ ജല കമ്മിഷന്റെ ദീർഘ വീക്ഷണമുളള ഈ പരിപാടിക്ക് ഇതിനോടകം ശ്രദ്ധയും സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. നമുക്ക് എല്ലാവർക്കും ഈ പദ്ധതിയിൽ അണിചേരാമെന്നും മോഹൻലാൽ വീഡിയോയിൽ പറയുന്നു.