anaswara

എരുമേലി : എരുമേലി സ്വദേശിനിയായ എൽ.എൽ.ബി.വിദ്യാർത്ഥിനിയുടെ ചൂടൻ പൊറോട്ടയും, ബീഫും ഹോട്ടലിൽ മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിലും ഇപ്പോൾ വൈറലാണ്. എരുമേലി കുറുവാമൂഴി കാശാംകുറ്റിയില്‍ അനശ്വര ഹരിയെന്ന 23 കാരിയാണ് നിയമ പഠനത്തോടൊപ്പം സ്വന്തം ഹോട്ടലിലെ പൊറോട്ടയടി തൊഴിലാക്കിയിരിക്കുന്നത്.

തൊടുപുഴ അല്‍ അസഹര്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ അനശ്വര സ്കൂളിൽ പഠിക്കുമ്പോഴേ ഹോട്ടലിൽ അമ്മയെ സഹായിക്കുമായിരുന്നു. നിയമ വിദ്യാർത്ഥിനിയായിട്ടും കുറുവാമൂഴിയിലെ ആര്യ ഹോട്ടലിലെ ഈ ജോലിക്ക് മുടക്കം വരുത്തിയില്ല.

അന്‍പത് വര്‍ഷം മുന്‍പ് അനശ്വരയുടെ മുത്തശ്ശന്‍ കുട്ടപ്പനും മുത്തശ്ശി നാരായണിയും ആരംഭിച്ച ഹോട്ടല്‍ ഇരുപത് വര്‍ഷത്തോളമായി നോക്കി നടത്തുന്നത് മാതാവ് സുബിയാണ്. രാവിലെ അഞ്ചരയ്ക്ക് എണീറ്റ് ഹോട്ടലിലെ ജോലികൾ തീർത്ത ശേഷമായിരുന്നു അനശ്വര സ്‌കൂളിൽ പോയിരുന്നത്. ഇപ്പോൾ ദിവസേന 200 പൊറോട്ട വരെ അടിക്കും.

വക്കീലായാലും പൊറോട്ടയടി തുടരുമെന്ന് അനശ്വര പറയുന്നു. കാരണം എല്‍.എല്‍. എമ്മിന് ചേരണം. അതൊരു ആഗ്രഹമാണ്. ഹോട്ടലിനോട് ചേര്‍ന്നുള്ള കുടുംബ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. വലിയ സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും അനശ്വരയുടെ പഠനവും സഹോദരി ആതിരയുടെ വിവാഹവും നല്ല നിലയിൽ നടത്താൻ ഹോട്ടൽ നടത്തിപ്പു കൊണ്ടു കഴിഞ്ഞു.