തിരുവനന്തപുരം: കൊവിഡ് മുക്തനായ എം വിൻസെന്‍റ് എം എൽ എ വികാര നിർഭരമായ അന്തരീക്ഷത്തിൽ നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്‌തു. സ്‌പീക്കറുടെ ചേംബറിലായിരുന്നു അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ നടന്നത്. കൊവിഡ് ബാധിച്ച് വിൻസെന്‍റിന്‍റെ അമ്മ ഇന്നലെ മരിച്ചിരുന്നു.
കോവളം നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച വിൻസെന്‍റ് കൊവിഡ് ബാധിതനായതിനാൽ സഭയിൽ ഇതുവരെ ഹാജരായിരുന്നില്ല. സത്യപ്രതിജ്ഞ ചെയ്യാത്തതിനാൽ തന്നെ എം എൽ എ എന്ന നിലയിൽ അദ്ദേഹത്തിന് ഔദ്യോഗികമായി പ്രവർത്തിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് സന്തോഷകരമായ നിമിഷം അല്ലാതിരുന്നിട്ടും അദ്ദേഹം സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത്. ഇതോടെ പതിനഞ്ചാം നിയമസഭയിലെ എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌തു.
സ്ഥിരമായി ആരേയും തുണയ്‌ക്കാത്ത കോവളം മണ്ഡലത്തിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായ നീലലോഹിതദാസൻ നാടാരെ തോൽപ്പിച്ചാണ് വിൻസെന്‍റ് സഭയിലെത്തുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്‍റെ സത്യപ്രതിജ്ഞ അണികളുടെയടക്കം കണ്ണ് നനയിച്ചു.