ambalapuzha

ആലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് ഏഴാം വാർഡിൽ ലൈഫ് പദ്ധതി പ്രകാരം വീടുനിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിയ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ട നോക്കുകൂലി കരാറുകാരൻ നൽകാതിരുന്നതിനെത്തുടർന്ന് സൂപ്പർവൈസർമാരെ അടക്കം മർദ്ദിക്കുകയും 25,000 രൂപ തട്ടിയെടുക്കുകയും ചെയ്തെന്നു പരാതി. സൂപ്പർവൈസർമാരായ റെജി കുമാർ (42), അർജുൻ (22), ഡ്രൈവർമാരായ നിയാസ് (35), മഹേഷ് (35), തൊഴിലാളിയായ സതീഷ് (40) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.25 ഓളം വരുന്ന യൂണിയൻ തൊഴിലാളികളാണ് മർദ്ദിച്ചതെന്ന് അമ്പലപ്പുഴ പൊലീസിൽ കരാറുകാരൻ നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെയാണ് വാർപ്പ് നടന്നത്.

10 തൊഴിലാളികളുടെ കൂലിയായ 13,000 രൂപ നോക്കുകൂലിയായി നൽകണമെന്നാണ് തൊഴിലാളികളുടെ പ്രതിനിധികളായെത്തിയ രണ്ടു നേതാക്കൾ ആവശ്യപ്പെട്ടത്. നോക്കുകൂലി പ്രശ്നത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നിർമ്മാണം തടസപ്പെട്ടതിനെ തുടർന്ന് കരാറുകാരൻ ലേബർ ഓഫീസിൽ പരാതി നൽകിയിരുന്നു. ലേബർ ഓഫീസർ അമ്പലപ്പുഴ പൊലീസിൽ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിർദ്ദേശപ്രകാരമാണ് ഇന്നലെ പണി തുടങ്ങിയത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.