mullappally-ramachandran

​​​​തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആയിരം രൂപ വീതമാണ് മുല്ലപ്പള്ളി വര്‍ദ്ധിപ്പിച്ചത്. നേരത്തെ കൊവിഡ് കാലത്ത് ജോലിക്ക് എത്തിയവര്‍ക്ക് മുല്ലപ്പള്ളി 2,000 രൂപ പാരിതോഷികം നല്‍കിയിരുന്നു.

കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ മുല്ലപ്പളളി അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്ദിരാ ഭവനിലെ ഗാന്ധിപ്രതിമയില്‍ വണങ്ങി പാര്‍ട്ടി നല്‍കിയ ഇന്നോവയുടെ താക്കോലും തിരിച്ചേല്‍പ്പിച്ചാണ് വീട്ടില്‍ നിന്നു വരുത്തിയ സ്വന്തം അംബാസഡര്‍ കാറിൽ മുല്ലപ്പള്ളി മടങ്ങിയത്.

യാത്ര അയയ്ക്കാന്‍ ടി സിദ്ദിഖ് എം എല്‍ എയുടെ നേതൃത്വത്തിൽ ഏതാനും ചില നേതാക്കളും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്. കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് ഓഫീസ് നടത്തിപ്പിനായി മുല്ലപ്പള്ളി ചെലവഴിച്ചത്. ഗണ്യമായ തുക മിച്ചംവയ്‌ക്കാനും അദ്ദേഹത്തിന് കഴിഞ്ഞെന്ന് ജീവനക്കാർ പറയുന്നു. മുല്ലപ്പളളി അദ്ധ്യക്ഷനായ ശേഷം എ ഐ സി സിയുടെ പക്കൽ നിന്നും അദ്ദേഹം സാമ്പത്തിക സഹായം തേടിയിരുന്നില്ല.