cisf

ഹൈദരാബാദ്: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ നി‌ർമ്മിക്കുന്ന ഭാരത് ബയോടെകിന്റെ ഹൈദരാബാദ് ക്യാമ്പസിന് ഇനിമുതൽ സുരക്ഷ നൽകുക കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി‌ഐ‌എസ്‌എഫ്)​. പലവിധ വിരുദ്ധ ശക്തികളുടെയും ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്ന് കാട്ടി ഒരു മാസം മുൻപാണ് ഭാരത് ബയോടെക് സി‌ഐ‌എസ്‌എഫിന് അപേക്ഷ നൽകിയത്. തുടർന്നാണ് സുരക്ഷ തങ്ങൾ ഏ‌റ്റെടുത്തതെന്ന് സി‌ഐ‌എസ്‌എഫ് അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്യാമ്പസിൽ സി‌ഐ‌എസ്‌എഫിനെ നിയോഗിച്ചുകൊള‌ളാൻ അനുമതി നൽകി. തുടർന്നാണ് സേന സുരക്ഷ ഏ‌റ്റെടുത്തത്. ചിലവ് കമ്പനി വഹിക്കും. 64 അംഗ സി‌ഐ‌എസ്‌എഫ് ടീമാണ് ഹൈദരാബാദിലെത്തുക. നഗരത്തിലെ ഷമീ‌ർ‌പേട്ടിൽ ജീനോം വാലിയിലാണ് ഭാരത് ബയോടെകിന്റെ ക്യാമ്പസ്.

ജൂൺ 14 മുതലായിരിക്കും സേന ക്യാമ്പസിന്റെ സുരക്ഷാ ചുമതല ഏ‌റ്റെടുക്കുകയെന്ന് സി‌ഐ‌എസ്‌എഫ് ഡി.ഐ.ജി അനിൽ പാണ്ഡെ അറിയിച്ചു. നിലവിൽ കൊവാക്‌സിനും സിറം ഇൻസ്‌റ്റി‌റ്റ്യൂട്ടിന്റെ കൊവിഷീൽഡുമാണ് പ്രധാനമായും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ നൽകുന്നത്. ഇതിന് പുറമെ അടിയന്തര ഘട്ടത്തിൽ റഷ്യയുടെ സ്‌പുട്‌നിക്ക് 5 വാക്‌സിനും അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്തിനകത്തും പുറത്തുമുള‌ള നിരവധി ശക്തികളുടെ ഭീഷണിയുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു.

ഇപ്പോൾ പത്തോളം വ്യവസായ സ്ഥാപനങ്ങൾക്കാണ് സിഐ‌എസ്‌എഫ് സുരക്ഷ നൽകുന്നത്. ഇൻഫോസിസിന്റെ പൂനെ, മൈസൂരു ക്യാമ്പസുകൾ, നവി മുംബയിലെ റിലയൻസ് ഐ‌ടി പാർക്ക്, ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള‌ള ബാബാ രാംദേവിന്റെ പതഞ്ജലി ഫാക്‌ടറി എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.