ലഡാക്ക്: സ്വന്തം ആരോഗ്യത്തെ അവഗണിച്ചും കൊവിഡ് രോഗം ബാധിച്ചവരെ ചികിത്സിയ്‌ക്കുന്നതിനും അവരെ സുരക്ഷിതരാക്കുന്നതിനും കൈമെയ് മറന്നു പ്രവർത്തിക്കുകയാണ് രാജ്യത്തെ കൊവിഡ് മുൻനിര പോരാളികൾ. ചിലർക്ക് സ്വന്തം കുടുംബത്തെയും ജീവനെയും വരെ അവഗണിച്ച് ജോലി നോക്കിയിട്ടും ക്രൂരമർദ്ദനം ഏൽക്കേണ്ട സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്. എങ്കിലും രോഗത്തെ തളയ്‌ക്കുന്നതുവരെ പോരാട്ടവീര്യം ചോരില്ലെന്നതിന് ഉദാഹരണമാണ് ലഡാക്കിൽ നിന്നുളള ഈ കാഴ്‌ച.
ജമ്മുകാശ്‌മീരിലെ ലഡാക്കിൽ രോഗം സ്ഥിരീകരിച്ചവരെ ചികിത്സിയ്‌ക്കാനും നിരീക്ഷിക്കാനും പോകുന്ന കൊവിഡ് മുൻനിര പോരാളികളായ പ്രവർത്തകർക്ക് കുത്തൊഴുക്കുളള പുഴ മുറിച്ചുകടന്നുവേണമായിരുന്നു പോകാൻ. ഇതിനായി അവർ കണ്ട മാർഗം ജെസിബിയുടെ കൈയുടെ ഉളളിലിരുന്ന് മറുകരയിലെത്തുകയായിരുന്നു.
വലിയ ഒഴുക്കുളള പുഴ കടന്നും ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്ന ഇവരുടെ ആത്മാർത്ഥത ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ബിജെപി നേതാവും ലഡാക്ക് എം.പിയുമായ സെറിംഗ് നംഗ്യാൽ ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടു. ലഡാക്കിലെ ഗ്രാമങ്ങളിൽ കൊവിഡ് ജോലികൾക്കായി എത്തുന്ന കൊവിഡ് പോരാളികൾക്ക് സല്യൂട്ട് നൽകുന്നതായി കുറിച്ച നംഗ്യാൽ കൊവിഡ് സേവനങ്ങൾ ചെയ്യുന്നവരുമായി നാം സഹകരിക്കുകയാണ് വേണ്ടതെന്ന് കുറിച്ചു.
ചിത്രത്തിന് ട്വിറ്റർ ഉപഭോക്താക്കളിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. 61 പുതിയ കേസുകളാണ് തിങ്കളാഴ്‌ച ലഡാക്കിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 19258 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 195 പേരാണ് രോഗം ബാധിച്ച് ഇവിടെ മരിച്ചത്. ഇതിൽ 141ഉം ലേയിലും 54 എണ്ണം കാർഗിൽ ജില്ലയിലുമാണ്. ഇതുവരെ 18052 പേർക്ക് ഇവിടെ രോഗമുക്തി നേടാനായി.
Salute to our #CovidWarriors.
A team of #Covid warriors crossing river to render their services in rural Ladakh.
Stay Home, Stay Safe, Stay Healthy and Cooperate the Covid Warriors. pic.twitter.com/cAgYjGGkxQ— Jamyang Tsering Namgyal (@jtnladakh) June 7, 2021