k-surendran

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയുണ്ടായ കുഴൽപ്പണ ഇടപാട് വിവാദവും കോഴ ആരോപണവും പ്രതിരോധിക്കാൻ തീരുമാനിച്ച് ബി ജെ പി സംസ്ഥാന നേതൃത്വം. വയനാട് മുട്ടിൽ വനം കൊള്ളയെ മുൻനിർത്തി സംസ്ഥാനസർക്കാരിനെതിരെ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് നേതാക്കളുടെ നീക്കം.

മുട്ടിൽ വനംകൊള്ള കേസിൽ കേന്ദ്ര ഇടപെടൽ നടത്താനാണ് സുരേന്ദ്രനും മുരളീധരനും അടക്കമുളള നേതാക്കൾ പ്രധാനമായും ശ്രമിക്കുന്നത്. ഡൽഹിയിലെത്തിയ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്‌ച നടത്തും. മുട്ടിൽ മരം കൊള്ള വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാകും കൂടിക്കാഴ്‌ച.

കേരളത്തിൽ ബി ജെ പി പ്രതിരോധത്തിലായ സമയത്താണ് മുട്ടിൽ വനം കൊള്ള ഉയർന്നുവന്നത്. മരം കൊള്ള ദേശീയ തലത്തിൽ തന്നെ ഉയർത്തി രാഷ്ട്രീയ പ്രതിരോധത്തിനുള്ള നീക്കമാണ് സംസ്ഥാന നേതാക്കളുടേത്.

ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കെ സുരേന്ദ്രൻ സംസാരിക്കും. കേന്ദ്ര നേതാക്കൾ വിളിപ്പിച്ചിട്ടില്ലെന്നും മന്ത്രിമാരെ കാണാനാണ് ഡൽഹിയിൽ വന്നതെന്നുമാണ് സുരേന്ദ്രൻ പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നദ്ദയുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്‌ച നടത്തുക. പ്രകാശ് ജാവേദ്‌ക്കറുമായുളള കൂടിക്കാഴ്‌ച ഇന്നോ നാളെയോ ഉണ്ടാകും.