ന്യൂഡൽഹി: ഒരുകാലത്ത് ഇന്ത്യൻ നിരത്തുകൾ അടക്കിവാഴ്ന്നിരുന്ന ഇരുചക്രവാഹനമാണ് യെസ്ഡി. മറ്റ് ഇരുചക്രവാഹനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കിക്കർ തന്നെ തിരിഞ്ഞ് ഗിയർ ലിവർ ആകുന്ന സാങ്കേതിക വിദ്യ പലർക്കും അക്കാലത്ത് ഒരു അത്ഭുതമായിരുന്നു. എന്നാൽ പിൽക്കാലത്ത് നിർമ്മാണം നിലച്ച യെസ്ഡി ബൈക്കുകൾ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്.
യെസ്ഡി ബൈക്കുകളുടെ മടങ്ങി വരവിനെ സംബന്ധിച്ച വാർത്തകൾ പുതിയതല്ല. ജാവ മോട്ടോർസൈക്കിളുകൾ തങ്ങളുടെ വാഹനങ്ങൾ ഇന്ത്യയിൽ എത്തിച്ചു തുടങ്ങിയ അന്നുമുതൽ കേൾക്കുന്നതാണ് യെസ്ഡിയുടെ മടങ്ങിവരവ്. എന്നാൽ യെസ്ഡി ആരാധകരുടെ കാത്തിരിപ്പിനു മാത്രം അവസാനം ഇതുവരെ ഉണ്ടായില്ല.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരങ്ങൾ അനുസരിച്ച് യെസ്ഡിയുടെ ഏറ്റവും അധികം പ്രചാരത്തിലുണ്ടായിരുന്ന മോഡലായ റോഡ്കിംഗിന്റെ പേറ്റൻ്റിന് വേണ്ടി കമ്പനി അധികൃതർ സർക്കാരിനെ സമീപിച്ചിരുക്കുകയാണ്. റോഡ്കിംഗിന്റെ പേറ്റൻ്റ് കൂടാതെ വെബ്സൈറ്റ് അഡ്രസ്സിനും യെസ്ഡി അപേക്ഷ സമർപ്പിച്ചതിൻ്റെ രേഖകൾ മാദ്ധ്യമങ്ങൾക്കു ലഭിച്ചു.
യെസ്ഡി വീണ്ടും നിരത്തുകളിൽ ഇറങ്ങിയാൽ തന്നെ പഴയ ഡിസൈൻ ആയിരിക്കില്ല എന്നത് ഏറെകുറെ ഉറപ്പാണ്. ഒരു മാസം മുമ്പ് ചില റൈഡർമാർ യെസ്ഡിയുടെ പുതിയ മോഡൽ ടെസ്റ്റ് ചെയ്യുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് ലഭിച്ച വീഡിയോകളും ഫോട്ടോകളും പരിശോധിച്ചപ്പോൾ ഒരു സ്ക്രാമ്പ്ളർ മോഡൽ വാഹനം ആയിരിക്കും പുതിയ യെസ്ഡി എന്ന നിഗമനത്തിലാണ് മോട്ടോർ വാഹന പ്രേമികൾ എത്തിച്ചേർന്നത്. പുതിയ യെസ്ഡി ചിലപ്പോൾ ഒരു ഇലക്ട്രിക്ക് മോഡൽ ആകാനുള്ള സാധ്യതകളും ചിലർ മുൻകൂട്ടി കാണുന്നുണ്ട്. പഴയ ടു സ്ട്രോക്ക് യെസ്ഡിയുടെ സുഖമൊന്നും പുതിയ ഫോർ സ്ട്രോക്ക് വാഹനത്തിൽ ലഭിക്കില്ല എന്നറിയാമെങ്കിലും പുതിയ വാർത്ത യെസ്ഡി പ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് തരുന്നത്.
മടങ്ങി വന്നാൽ തന്നെ വിപണിയിൽ വൻ മത്സരമായിരിക്കും യെസ്ഡിയെ കാത്തിരിക്കുന്നത്. ഹോണ്ട സിബി 350 ആർ എസ്, ഹിമാലയൻ 411, സ്വാർട്ട്പിലൻ 250 എന്നിവയാകും യെസ്ഡിയുടെ ഇന്ത്യയിലെ എതിരാളികൾ.