rishi-palpu

​​തൃശൂർ: ഒ ബി സി മോർച്ച മുൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഋഷി പൽപ്പു കോൺഗ്രസിലേക്ക്. ബി ജെ പിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ഋഷി പൽപ്പു കോൺഗ്രസിൽ ചേരുന്നത്. സംസ്ഥാന നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി ഋഷി വ്യക്തമാക്കി. അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബി ജെ പിയിൽ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ജനാധിപത്യ രീതിയിലുള്ള വിമർശനം പോലും അംഗീകരിക്കാത്ത പാർട്ടിയാണെന്നാണ് ഋഷിയുടെ വിമർശനം.

ജനാധിപത്യത്തിന് കരുത്തുപകരാന്‍ അതികായന്മാര്‍ പ്രതിപക്ഷ നേതൃനിരയില്‍ എത്തേണ്ടതുണ്ടെന്നും കോണ്‍ഗ്രസിന് ഉണര്‍വുനല്‍കാന്‍ സുധാകരന്‍റെ നേതൃത്വത്തിന് കഴിയട്ടേയെന്നും ഋഷി പറഞ്ഞു. കുറച്ചുദിവസം മുമ്പ് കെ സുധാകരനുമായി ഋഷി ഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു.

കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബി ജെ പി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് ഋഷി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. പിന്നാലെ കെ സുരേന്ദ്രന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് ഈ നടപടിയെന്ന് ഋഷി അന്ന് പ്രതികരിച്ചിരുന്നു.