delivery

വളരെ പരിചിതമായ ഒരു ചോദ്യമാണിത് ; സുഖപ്രസവം ആയിരുന്നോ? ആണ് എന്നാണ് മറുപടിയെങ്കിൽ വലിയ സന്തോഷം. എന്നാൽ എന്താണ് ഈ സുഖപ്രസവം,​ അത് അത്ര സുഖമുള്ളതാണോ?

37 ആഴ്ച ഗർഭം തികഞ്ഞതിന് ശേഷം സാധാരണ രീതിയിൽ പ്രസവിക്കുന്നതിനെയാണ് സാധാരണ പ്രസവം അഥവ സുഖപ്രസവം എന്ന് പറയുന്നത്. പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ തിരികെ വീട്ടിൽ തിരികയെത്തുമ്പോഴാണ് സുഖപ്രസവം എന്ന വാക്ക് അന്വർത്ഥമാകൂ. സുഖപ്രസവം അഥവാ സാധാരണ പ്രസവം ആർക്കൊക്കയാണ് ഇനി സാദ്ധ്യമാകുകയെന്ന് നോക്കാം:  പ്രസവസംബന്ധമായതോ അല്ലാത്തതോയായ അസുഖങ്ങൾ ഇല്ലാത്തവർ, ഉദാഹരണമായി പ്രമേഹം,രക്തസമ്മർദ്ദം തുടങ്ങിയവ.  അസുഖമുള്ളവർ അത് നിയന്ത്രണത്തിലാക്കി, തനിയെ വേദന വരികയോ, മരുന്നു വച്ച് വേദന വരുത്തി പ്രസവിക്കുന്നവർ.  അനസ്‌തേഷ്യയുടെ സഹായമില്ലാതെ വേദന സഹിച്ച് പ്രസവിക്കുന്നവർക്കും അത് സുഖപ്രസവം ആണ്.  കുത്തിവയ്പ്പിലൂടെ അനസ്‌തേഷ്യ എടുത്ത് വേദന രഹിതമായി പ്രസവിക്കുന്നവർക്കും അത് സുഖപ്രസവമാണ്. പ്രസവമുറിയിലെ അലറിവിളിക്കിടയിൽ ഗർഭിണിയെ അനുനയിപ്പിച്ച് പെടാപ്പാടുപെട്ട് പ്രസവിപ്പിച്ച് വെളിയിൽ വരുമ്പോൾ കൂട്ടിരിപ്പുകാർ ചോദിക്കും; സുഖപ്രസവമായിരുന്നോ?... തെല്ല് വിഷമത്തോടെയെങ്കിലും പറയും 'അതെ' എന്ന് പറയുകയേ നിവൃത്തിയുള്ളൂ. ഈ അവസരങ്ങളിൽ ചിന്തിച്ച് പോകും,​ സാധാരണ പ്രസവം അല്ലെങ്കിൽ നോർമൽ ഡെലിവറി എന്ന വാക്ക് അല്ലേ ഉചിതമെന്ന്. നോർമൽ ഡെലിവറി അല്ലെങ്കിൽ സാധാരണ പ്രസവം എന്ന സുഖപ്രസവം എങ്ങനെ സാധിക്കുന്നു എന്ന് നോക്കാം: 37 ആഴ്ച തികഞ്ഞതിനുശേഷം പ്രസവവേദന താനേ തുടങ്ങുകയോ, വെള്ളം പൊട്ടി പോവുകയോ ചെയ്യാം. വെള്ളം പൊട്ടിപ്പോയാൽ സാധാരണ രണ്ടു മണിക്കൂറിനുള്ളിൽ വേദനയും തുടങ്ങും. വെള്ളം പൊട്ടിപ്പോയി വേദന വന്നില്ലെങ്കിൽ മരുന്ന് വച്ച് ഗുളിക ആയിട്ടോ ട്രിപ്പ് ഇട്ടോ വേദന വരുത്താറുണ്ട്. പ്രസവ വേദന വരാത്തവർ വേറെ രോഗങ്ങളൊന്നും ഇല്ലെങ്കിൽ 40 ആഴ്ച വരെ കാത്തിരിക്കാം. അതിനുശേഷം വേദന വരുത്താനായിട്ടുള്ള മരുന്നുകൾ ഗുളികയായിട്ടോ ട്രിപ്പ് ആയിട്ടോ നൽകാറുണ്ട്. ഗുളിക കഴിക്കുകയോ ഉള്ളിൽ വയ്ക്കുകയോ ചെയ്യാം. പലപ്പോഴും ഗുളിയാണ് ട്രിപ്പിനേക്കാൾ ഫലപ്രദം.നാല് മുതൽ ആറ് മണിക്കൂർ ഇടവേളകളിൽ അഞ്ചു പ്രാവശ്യമെങ്കിലും മരുന്ന് വയ്ക്കേണ്ടിവരും. വേദന തുടങ്ങുകയാണെങ്കിൽ വെള്ളം പൊട്ടിച്ച് വിട്ട് ട്രിപ്പ് ഇടാറുണ്ട്. വേദന ഒട്ടും വരാത്തവർക്ക് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തൃപ്തികരമാണെങ്കിൽ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മരുന്ന് ആവർത്തിക്കാം. വേദന വന്നതിന് ശേഷം ആദ്യത്തെ പ്രസവത്തിന് എട്ടു മുതൽ പത്തു മണിക്കൂർ വരെ ആകാം. വേദന സഹിക്കാൻ പറ്റാത്തവർക്ക് കുത്തിവയ്പ്പിലൂടെയുള്ള അനസ്‌തേഷ്യ നല്ല പ്രയോജനപ്പെടും. വേദന സഹിക്കാൻ പറ്റാതെ സിസേറിയൻ ആക്കുന്നത് ഇതുവഴി കുറയ്ക്കാം. കുത്തിവയ്പ്പിലൂടെയുള്ള അനസ്‌തേഷ്യ വളരെ നല്ലൊരു കാര്യമാണ്. അതുകൊണ്ട് തന്നെ ഈ സൗകരമുണ്ടെങ്കിൽ അത് തീർച്ചയായും പ്രയോജനപ്പെടുത്തണം. സുഖപ്രസവത്തിന്റെ ഗുണങ്ങൾ: പ്രസവത്തിന് ശേഷം എത്രയും വേഗം സാധാരണ രീതിയിൽ ആകുന്നതു കൊണ്ട് സ്വന്തം കാര്യവും കുഞ്ഞിന്റെ കാര്യവും മറ്റൊരാളുടെ സഹായമില്ലാതെ നോക്കാൻ പറ്റും.

 അണുബാധയ്ക്കുള്ള സാദ്ധ്യത കുറവായിരിക്കും.

 സർജറി സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളും ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഒഴിവാക്കാം.

 അധികം ചിന്തിക്കാത്ത, എന്നാൽ ഏറ്റവും പ്രധാനമായ ഒരു ഗുണമുണ്ട്. ആദ്യം സിസേറിയൻ ആയാൽ രണ്ടാമത്തെ പ്രസവവും സിസേറിയൻ ആകാനാണ് സാദ്ധ്യത. രണ്ടു സർജറികൾ കഴിയുമ്പോൾ അവയവങ്ങൾ തമ്മിൽ ഒട്ടിപ്പിടിക്കാൻ സാദ്ധ്യത വളരെയേറെയാണ്. അതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും സർജറി വേണ്ടി വന്നാൽ വയറ് തുറക്കുമ്പോൾ കുടലിലും മൂത്രസഞ്ചിയിലുമൊല്ലാം മുറിവ് ഉണ്ടാകാനും അത് അപകടകരമാകാനും സാദ്ധ്യതയുണ്ട്. അതുപോലെ ഹെർണിയ, വയറുവേദന എന്നിവ ഉണ്ടാകാനും ഇടയുണ്ട്. അതിനാൽ ആദ്യ പ്രസവം, സമയമെടുത്ത് ക്ഷമയോടെ കാത്തിരുന്ന് സാധാരണ പ്രസവമാക്കുന്നതാണ് നല്ലത്. അത്ര സുഖകരമല്ലാത്ത അവസ്ഥയാണ് സാധാരണ പ്രസവമെങ്കിലും സമാധാനത്തോടെ, ക്ഷമയോടെ കാത്തിരുന്ന് പ്രസവിക്കുന്നത് അത് ഭാവിയിൽ സുഖകരമായ ഫലം തരും.

ഡോ. സിമി ഹാരിസ്

കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ,​ ഇൻഫെ‌ർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ്

എസ്.യു.ടി ആശുപത്രി,​ പട്ടം,​ തിരുവനന്തപുരം.

ഫോൺ : 6238449732.