covidhield

ജയ്‌പൂ‌ർ: രാജ്യത്ത് 45 വയസിൽ താഴെയുള‌ളവർക്ക് വാക്‌സിൻ ലഭിക്കുന്നില്ലെന്ന് വലിയ പരാതിയുണ്ട്. ഈ സമയത്ത് ഉള‌ള വാക്‌സിൻ പാഴാക്കി കളയുന്നെങ്കിലോ? അങ്ങനെയൊരു സംഭവമുണ്ടായി. രാജസ്ഥാനിലെ ബാനസ്‌വാര ജില്ലയിൽ രഘുനാഥപുര ഗ്രാമത്തിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിലാണ് സംഭവം. ജനങ്ങൾക്ക് നൽകാൻ സൂക്ഷിച്ചിരുന്ന 480 ഡോസ് കൊവിഷീൽഡ് വാക്‌സിൻ ഫ്രിഡ്‌ജിനുണ്ടായ തകരാറിനെ തുടർന്ന് പാഴായി. കേട് മതിയായ സമയത്ത് പരിഹരിക്കാതെ അമിതമായി തണുത്താണ് വാക്‌സിൻ കേടായത്.

മേയ് 22നായിരുന്നു സംഭവം. ഇതെക്കുറിച്ച് ബ്ളോക്ക് മുഖ്യ മെഡിക്കൽ ഹെൽത്ത് ഓഫീസറുടെ അരികിൽ പരാതിയെത്തി. അദ്ദേഹത്തിന്റെ അന്വേഷണത്തിലാണ് ഇത്രയധികം വയൽ വാക്‌സിൻ പാഴായ വിവരം അറിഞ്ഞത്.

ആശുപത്രിയിലെത്തിയ മുഖ്യ മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും മൊഴിയെടുത്തു. എന്നാൽ ആരോഗ്യകേന്ദ്രത്തിലെ ഡോക്‌ടറായ രാമചന്ദ്ര ശർമ്മ ആരോപണം നിഷേധിച്ചു. ഫ്രിഡ്‌ജ് കേടായത് കൊണ്ട് വാക്‌സിനുകൾ തണുത്തുറഞ്ഞുപോയതാണെന്നും കേടായിട്ടില്ലെന്നും ഫ്രിഡ്‌ജ് പിന്നീട് മെക്കാനിക്കിനെ വിളിച്ച് നന്നാക്കിയതായും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിശദമായ വിവരം നൽകിയതായും അദ്ദേഹം അറിയിച്ചു.

എന്നാൽ രാജസ്ഥാൻ ആരോഗ്യമന്ത്രി ഡോ.രഘു ശ‌ർമ്മ വാക്‌സിൻ വേസ്‌റ്റേജ് ഉണ്ടായിട്ടില്ലെന്ന് അറിയിച്ചു. 45 വയസിന് മുകളിലുള‌ളവർക്ക് നൽകിയതിൽ 2 ശതമാനം മാത്രമാണ് പാഴായത്. 45 വയസിൽ താഴെയുള‌ളവർക്ക് വാക്‌സിനേഷൻ നടത്തിയതിൽ ഒട്ടും പാഴായിട്ടില്ല.