ചിക്കൻഫെതർ, എന്ന് കേൾക്കുമ്പോൾ മനസിലോടിയെത്തുന്നത് കോഴിത്തൂവലാണ്. എന്നാൽ ചിക്കൻ ഫെതർ എന്ന സ്ഥലത്തിനെ പറ്റി കേട്ടറിവ് കുറവായിരിക്കും. ടെക്‌സാസിലാണ് ഈ വിചിത്രമായ പേരിലുള്ള ഗ്രാമമുള്ളത്. ഈ ഗ്രാമത്തിന് അത്യപൂർവമായ ഇങ്ങനെയൊരു പേര് ലഭിച്ചതിനു പിന്നിലെ കഥ ബഹുരസമാണ്. പട്ടണത്തിലെ മുൻ താമസക്കാരനും ചരിത്രകാരനുമായ ജോൺ ഡുലിൻ പറയുന്നത് പ്രകാരം ന്യൂ ഹോപ് എന്നാണ് ഈ പ്രദേശം വർഷങ്ങൾക്ക് മുമ്പ് അറിയപ്പെട്ടിരുന്നത്. പാപമെന്ന് കരുതിയ കാര്യം പട്ടണത്തിലെ ചില യുവാക്കൾ ചെയ്തതിനു പിന്നാലെയാണ് വിചിത്രമായ 'ചിക്കൻഫെതർ' എന്ന പേര് പ്രദേശത്തിന് ലഭിച്ചത്. ന്യൂ ഹോപ് ചിക്കൻഫെതറായതിനു പിന്നിലെ കഥയിങ്ങനെ.
1910ലെ ഒരു ശീതരാത്രിയിൽ ഒരു കൂട്ടം യുവാക്കൾ നായാട്ടിനായി പോയി വെറും കയ്യോടെ തിരിച്ചു മടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിശന്ന് വലഞ്ഞ സംഘം ന്യൂ ഹോപ് പള്ളിക്ക് പിന്നിലെ വൈദികന്റെ ഫാമിൽ നിന്ന് കോഴിയെ മോഷ്ടിക്കാൻ തീരുമാനിച്ചു. വൈദികന്റെ ഫാമിൽ നിന്ന് കോഴികളെ കട്ടെടുക്കുന്നത് പാപമാണെന്നൊരു വിശ്വാസം ആ നാട്ടിൽ നിലനിന്നിരുന്നു. ശേഷം ഈ കോഴികളെ പാകം ചെയ്തു കഴിച്ചു. മോഷണ തെളിവുകൾ നശിപ്പിക്കാൻ കോഴിയുടെ തൂവലുകൾ ഗ്രാമാതിർത്തിയിലെ ഒരു കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ, ഗ്രാമത്തിലേക്കുള്ള ഏക ജലസ്രോതസ്സായിരുന്നു ഈ കിണർ. പള്ളിയിലേക്കും വീടുകളിലേക്കും, സ്ക്കൂളിലേക്കും എല്ലാം വെള്ളം എടുത്തിരുന്നത് ഇവിടെ നിന്നായിരുന്നു. കിണറിൽ നിന്നും കോഴി തൂവൽ ലഭിച്ചത് പ്രദേശവാസികളെ ഞെട്ടിച്ചു. വെള്ളം മലിനമാക്കിയത് ആരാണെന്ന് കണ്ടെത്തിയില്ല എങ്കിലും പ്രദേശവാസികൾ പതിയെ പട്ടണം വിടാൻ തുടങ്ങി. കിണറിലെ വെള്ളം ഉപയോഗ യോഗ്യമാക്കാൻ ആരും മുൻകൈയെടുത്തതുമില്ല. അങ്ങനെയാണ് ചിക്കൻ ഫെതർ (കോഴിത്തൂവൽ) എന്ന പേര് നഗരത്തിന് ലഭിക്കുന്നത് അങ്ങനെയാണ് പുതിയ പ്രതീക്ഷ എന്നർത്ഥം വരുന്ന ന്യൂ ഹോപ് പട്ടണം ചിക്കൻ ഫെതറായത്. ഒരു കാലത്ത് വീടുകളും പള്ളിയുമൊക്കെയായി ജനവാസമുണ്ടായിരുന്ന പട്ടണത്തിൽ ഇന്ന് ശ്മാശാനവും വയലുകളും മാത്രമാണുള്ളത്. എങ്കിലും പണ്ട് ഈ ഗ്രാമത്തിൽ താമസിച്ചിരുന്നവർ ഓർമ്മകൾ പുതുക്കാൻ വർഷത്തിൽ ഒരു ദിവസം ഗ്രാമത്തിൽ ഒത്തുകൂടാറുണ്ട്. ഒരു കൃസൃതിയ്ക്കായി ചെയ്ത പ്രവർത്തി പട്ടണത്തിന്റെ പേരു തന്നെ മാറാൻ ഇടയാക്കിയ വിചിത്ര സംഭവത്തെക്കുറിച്ച് പല അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും വാർത്തകൾ വന്നിരുന്നു.