ന്യൂഡൽഹി: കർശനമായ ആയുധനിയമങ്ങൾ ഉള്ള ജപ്പാനിലെ ടോക്കിയോയിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഷൂട്ടിംഗ് സംഘത്തിന് മതിയായ പരിശീലന ഉപകരണങ്ങൾ കൊണ്ടു പോകുവാൻ സാധിക്കുമോ എന്ന് സംശയം. ജപ്പാൻ പൗരന്മാർക്കും വിദേശസഞ്ചാരികൾക്കും ഒരു പോലെ ബാധകമാണ് അവിടുത്തെ ആയുധ നിയമങ്ങൾ. ഒളിമ്പിക്സിനു വേണ്ടി ഇതിൽ ഇളവുകൾ നൽകാൻ അവിടുത്തെ ഭരണകർത്താക്കൾ ഒരുക്കവുമല്ല.
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഓരോ ഷൂട്ടറിനും ആകെ 800 വെടിയുണ്ടകൾ മാത്രം കൈയ്യിൽ കരുതാനുള്ള അനുവാദമേ ജപ്പാൻ അധികൃതർ നൽകിയിട്ടുള്ളു. പരിശീലനത്തിനും മത്സരങ്ങൾക്കും കൂടി ഇവ ഉപയോഗിക്കേണ്ടി വരും. എന്നാൽ ഒളിമ്പിക്സ് പോലുള്ള വേദികളിൽ പരിശീലനത്തിനും മത്സരങ്ങൾക്കും കൂടി ഇത്രയും വെടിയുണ്ടകൾ മതിയാവില്ല എന്നാണ് ഷൂട്ടർമാരുടെ അഭിപ്രായം.
കഴിഞ്ഞ തവണ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ച് നടന്ന ഒളിമ്പിക്സിലും അതിനു മുമ്പ് 2012 ൽ നടന്ന ലണ്ടൻ ഒളിമ്പിക്സിലും ഇത്തരം നിയന്ത്രണങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് ഷൂട്ടർമാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ വെടിയുണ്ടകളുടെ ദൗർലഭ്യം ഇന്ത്യൻ താരങ്ങളെ കാര്യമായി ബാധിക്കില്ലെന്ന അഭിപ്രായമാണ് പരിശീലകർക്ക്. നിലവിൽ ക്രൊയേഷ്യയിലെ സാഗ്രെബിൽ പരിശീലനത്തിലുള്ള ഇന്ത്യൻ താരങ്ങൾക്ക് മതിയായ പരിശീലനം ലഭിക്കുന്നുണ്ടെന്നും ഇനി ജപ്പാനിൽ ചെന്നിട്ട് അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടേണ്ട ആവശ്യം മാത്രമേ ഉള്ളൂവെന്നും പരിശീലകർ അഭിപ്രായപ്പെട്ടു. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷയുള്ള ഇനമാണ് ഷൂട്ടിംഗ്.
ആയുധ നിയമങ്ങൾ കർശനവും കഠിനവുമായതിനാൽ തന്നെ മികച്ച സൗകര്യങ്ങൾ ഉണ്ടായിട്ടു പോലും ജപ്പാനിൽ വച്ച് ഷൂട്ടിംഗ് മത്സരങ്ങൾ നടത്താൻ അധികമാരും താത്പര്യം കാണിക്കാറില്ല. 2017 ൽ നടന്ന ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പാണ് ജപ്പാനിൽ വച്ച് നടന്ന അവസാനത്തെ ഷൂട്ടിംഗ് മത്സരം.