വിശ്വാസം, അതല്ലേ എല്ലാം. എന്നാൽ അമിതമായ വിശ്വാസത്തിന് അടിപെട്ടവർ പലപ്പോഴും യുക്തിയെ പറ്റി ചിന്തിക്കാറേയില്ല. ചിലപ്പോഴെങ്കിലും ഇത്തരക്കാരിൽ യാഥാസ്ഥിക ബോധം നഷ്ടപ്പെടാറുണ്ട്. അത്തരത്തിൽ വിശ്വാസത്തിനടിമപ്പെട്ടൊരു യുവാവിന്റെ ജീവിതാനുഭവം അടുത്തറിഞ്ഞാലോ?
കാമുകിക്ക് ഇഷ്ടപ്പെട്ട് സൂപ്പർ കാർ സമ്മാനിക്കാൻ ഇയാൾ ചെയ്തതെന്തെന്നോ? 40 ദിവസം പട്ടിണി കിടന്നു. അതും കൊടുംകാട്ടിൽ, കാറും പട്ടിണിയുമായി എന്താണ് ബന്ധം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. ദൈവത്തെ പ്രത്യക്ഷപ്പെടുത്താനാണ് യുവാവ് കഠിനവ്രതം അനുഷ്ഠിച്ചത്.
സെൻട്രൽ സിംബാബ്‌വെയിലെ ബിന്ദുരയിലെ റൈസൻ സെയിന്റ്സ് ചർച്ചിലെ യുവനേതാവ് മാർക്ക് മുറാദിറയാണ് കാട്ടിലെ ഒരു പർവതത്തിൽ ഉപവാസമിരുന്നത്. തൊഴിൽ രഹിതനായ മുറാദിറ തന്റെ കാമുകിക്ക് ലംബോർഗിനിയുടെ സൂപ്പർകാർ സമ്മാനിക്കണം എന്നാഗ്രഹിച്ചു. എന്നാൽ 1.54 കോടിയുടെ കാർ വാങ്ങാൻ യാതൊരു മാർഗവുമില്ലെന്ന് മനസ്സിലാക്കിയ മുറാദിറ ദൈവത്തെ പ്രീതിപ്പെടുത്താൻ 40 ദിവസം ഉപവസിക്കാൻ തീരുമാനിച്ചു. തന്റെ ദൃഢപ്രതിഞ്ജ കൂട്ടുകാരോട് പറഞ്ഞ മുറാദിറ പക്ഷെ, ഏകാഗ്രത ലഭിക്കാൻ അടുത്തുള്ള കാട്ടിലെ മലമുകളിൽ പോകുന്ന കാര്യം രഹസ്യമാക്കി. മുറാദിറയെ കാണാതായതോടെ കൂട്ടുകാർ നടത്തിയ തിരച്ചിലിൽ 33 ദിവസത്തിനുശേഷം അവശനിലയിലാണ് ഇയാളെ കണ്ടെത്താൻ സാധിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതിനിടെ മുറാദിറയുടെ ആത്മാർത്ഥ സുഹൃത്തക്കൾ ചേർന്ന് ലംബോർഗിനി വാങ്ങാൻ ധനസമാഹരണം നടത്തിയെങ്കിലും വെറും 3000 രൂപ മാത്രമെ സമാഹരിക്കാൻ കഴിഞ്ഞുള്ളൂ. ഈ പണം ആശുപത്രിയിലെ മുറാദിറയുടെ ചികിത്സയ്ക്കായി ചിലവഴിച്ചു. ഏതായാലും അമിത വിശ്വാസത്തിന്റെ പേരിൽ മരണം മുന്നിൽ കണ്ട മാർക്ക് മുറാദിറ ഏതായാലും ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ്.