ഒരു ഔഷധസസ്യമായും അലങ്കാരച്ചെടിയായും തണൽ മരമായും വീട്ടുവളപ്പിലും പൂന്തോട്ടങ്ങളിലും വഴിവക്കിലും നട്ടുവളർത്തുന്ന കണിക്കൊന്ന നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. നമ്മുടെ സംസ്ഥാന പുഷ്പമായ തങ്കപ്പൂവണിഞ്ഞ കണിക്കൊന്ന മലയാളിയുടെ സമൃദ്ധിയുടെ പ്രതീകമാണ്. വിഷുക്കണി ഒരുക്കുന്നതിന് അനിവാര്യമായ കണിക്കൊന്ന മലയാളിയുടെ ജീവിതത്തിന്റെയും ഭാഗമാണ്. വിഷുക്കാലം (മാർച്ച്- ഏപ്രിൽ) ഇലകൾ കൊഴിഞ്ഞു മരമാകെ പൂച്ചൂടി നിൽക്കുന്ന കാഴ്ച വളരെ മനോഹരമാണ്. പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന വിഷുക്കാലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. വിത്തും കൈക്കോട്ടും പാടി വിഷുപ്പക്ഷിയും മേടപ്പുലരിയെ വരവേൽക്കാനെത്തുന്നു. കൊന്നപ്പൂവിന് നാട്ടിലായാലും മറുനാട്ടിലായാലും നല്ല ഡിമാന്റുണ്ട്. 15 മീറ്ററോളം ഉയരത്തിൽ വളരുന്ന കൊന്നയുടെ പൂക്കൾ കുലകളായി കാണപ്പെടുന്നു. ഫാബേസിയേ (Fabaceae) സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം കാസ്റ്റിയ ഫിസ്റ്റുല (Cassia Fistula) എന്നാണ്. സംസ്കൃതത്തിൽ ഇത് സുവർണകം എന്ന പേരിലറിയപ്പെടുന്നു. മഴയുടെ വരവറിയാൻ കർഷകർ പണ്ടുമുതലേ ഈ മരത്തെ ആശ്രയിച്ചിരിക്കുന്നു. കൊന്ന നേരത്തെ പൂത്താൽ മഴ നേരത്തെ ലഭിക്കുമെന്നും പൂക്കാൻ വൈകിയാൽ മഴ വൈകുമെന്നും കർഷകർ മനസിലാക്കിയിരുന്നു.
വിത്ത് മുളപ്പിച്ചാണ് കണിക്കൊന്ന തൈകൾ ഉത്പാദിപ്പിക്കുന്നത്. വലിയ ശ്രദ്ധയോ പരിചരണമോ ആവശ്യമില്ലാത്ത ഈ വൃക്ഷം നമ്മുടെ മണ്ണിലും കാലാവസ്ഥയിലും നന്നായി വളരും. സംസ്കരിച്ചെടുത്ത വിത്ത് വഴി തൈകൾ ഉത്പാദിപ്പിക്കാം. വളരെയേറെ ഔഷധപ്രാധാന്യമുള്ള വൃക്ഷമാണിത്. കണിക്കൊന്ന കഷായം രക്തശുദ്ധിക്ക് വളരെ പ്രസിദ്ധമാണ്. കൂടാതെ ത്വക്ക് രോഗങ്ങൾ, ഉദരരോഗങ്ങൾ, വാതം, മൂത്രാശയരോഗങ്ങൾ, കന്നുകാലികൾക്ക് ഉണ്ടാകുന്ന പനി എന്നിവയ്ക്കുള്ള ഔഷധക്കൂട്ടുകളിൽ കണിക്കൊന്നയുടെ വിവിധഭാഗങ്ങൾ ഉപയോഗിക്കുന്നു.
കൊന്നത്തൊലി, ത്രിഫലത്തോട്, ചന്ദനം, മുന്തിരി ഇവ സമം ചേർത്ത് തയ്യാറാക്കുന്ന കഷായം മൂത്രസംബന്ധമായ അസുഖങ്ങൾക്ക് ശമനമുണ്ടാകും. കുരു കളഞ്ഞ പൾപ്പ് പാലിൽ കാച്ചി പഞ്ചസാര ചേർത്തുകഴിക്കുന്നത് മുതിർന്നവർക്കും കുട്ടികൾക്കും ഉണ്ടാകുന്ന മലബന്ധത്തിന് പരിഹാരമാണ്.