ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിൻ ഉത്പാദകരായ ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിടിപ്പുകേട് കാരണം ആഗോള തലത്തിൽ വാക്സിൻ വിതരണം പ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം വാക്സിൻ ഉത്പാദനം ആരംഭിക്കുന്ന അവസരത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ അഡാർ പൂനെവാല പറഞ്ഞത് വർഷാവസാനത്തോടുകൂടി 400 മില്ല്യൺ വാക്സിനുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നായിരുന്നു. എന്നാൽ 2021 ആയിട്ടും ഏകദേശം 70 മില്ല്യൺ വാക്സിനുകൾ മാത്രമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഇതു വരെയായും കയറ്റുമതി ചെയ്യുവാൻ സാധിച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പിടിപ്പുകേട് അവരെ വാക്സിൻ നിർമ്മാണ ചുമതല ഏൽപ്പിച്ച കൊവാക്സിനെ വലിയ ഒരു കുരുക്കിലാണ് എത്തിച്ചിരിക്കുന്നത്.
92 ദരിദ്ര രാഷ്ട്രങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യണ്ടിയിരുന്ന കൊവാക്സ് 200 മില്ല്യൺ വാക്സിനുകളുടെ ഓർഡർ ആണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയത്. എന്നാൽ അതിൽ 30 മില്ല്യൺ വാക്സിനുകൾ മാത്രമേ ഇന്ത്യൻ നിർമ്മാതാക്കൾക്ക് ഇതു വരെ കൈമാറാൻ സാധിച്ചിട്ടുള്ളു.
സെറത്തിലെ ഈ പ്രശ്നങ്ങൾ ബാധിച്ചത് ദരിദ്ര രാഷ്ട്രങ്ങളിൽ കൊവിഡ് പടരാതെ പിടിച്ചു നിർത്താനുള്ള ലോക ആരോഗ്യ സംഘടനയുടെ ശ്രമങ്ങളെയാണ്.
ഇന്ത്യയിൽ കൊവിഡ് പടർന്നു പിടിക്കാൻ തുടങ്ങിയതോടെ സർക്കാർ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ നിന്നുള്ള വാക്സിൻ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ അതിനനു മുമ്പ് തന്നെ ആരംഭിച്ചിരുന്നു. നിർമ്മാണം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും സെറം വെറും 70 മില്ല്യൺ വാക്സിനുകൾ മാത്രമേ നിർമ്മിച്ചിരുന്നുള്ളു. അതിനു കാരണമായി അഡാർ പൂനെവാല പറഞ്ഞത് ഇന്ത്യൻ സർക്കാർ തങ്ങളുടെ വാക്സിന് അംഗീകാരം തരുമോ എന്ന ഉറപ്പില്ലായിരുന്നുവെന്നാണ്. അതിനു ശേഷമാണ് പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധയുണ്ടാകുന്നത്. ഇത് വൻ തോതിൽ വാക്സിൻ നിർമ്മിക്കാനുള്ള സെറത്തിൻ്റെ ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചു.
വൻ തോതിൽ വാക്സിൻ ഉണ്ടാക്കുവാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഉള്ള സാങ്കേതിക സഹായങ്ങൾ കണ്ടുകൊണ്ടാണ് മിക്ക രാഷ്ട്രങ്ങളും അവർക്ക് വാക്സിൻ ഓർഡർ നൽകിയത്. എന്നാൽ ഇന്ത്യയിലെ കയറ്റുമതി നിരോധനം കൂടി കണക്കിലെടുത്ത് അവരെല്ലാം രണ്ടാമതൊരു വാകസിൻ നിർമ്മാതാവിനെ കണ്ടെത്തേണ്ട ഗതികേടിലാണ് ഇപ്പോൾ.