തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നികുതി കുറവാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
മുസ്‌ലിം ലീഗിലെ എൻ. ഷംസുദ്ദീനാണ് നോട്ടിസ് നൽകിയത്.പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിൽ ബി.ജെ.പിക്കെതിരെ ഒന്നും പറയുന്നില്ലെന്നും, പെട്രോൾ വില വർദ്ധിപ്പിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
ഇന്ധന വില ജി.എസ്ടി.യിൽ കൊണ്ടുവരില്ല. സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയിൽ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും കെ എൻ ബാലഗോപാൽ ചോദിച്ചു.
പെട്രോൾ, ഡീസൽ വില ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത് യു.പി.എ സർക്കാരാണ്. അതിനുശേഷം വന്ന മോദി സർക്കാർ അതു പിന്തുടർന്നു. ഇടതുപക്ഷം അതിനെ എതിർത്തപ്പോഴും കോൺഗ്രസ് പാർലമെന്റിൽ ഒന്നും പറഞ്ഞില്ലെന്നും ധനമന്ത്രി വിമർശിച്ചു.