ഒരു പ്രണയകഥ
പുരാവസ്‌തു മ്യൂസിയത്തിലെ
ചില്ലുകൂട്ടിന്നകത്ത്
പുണർന്നേ കിടന്ന
കമിതാക്കളിൽ
ആൺ അസ്ഥിക്കൂടം
പെൺ കപാലത്തോട്
അടക്കം പറഞ്ഞു!
എന്തിനാണീ സന്ദർശകർ
നിന്റെ
മാറിൽ തന്നെയിങ്ങനെ
തുറിച്ചു നോക്കുന്നത്?!
രഹസ്യം
അഭിസാരികയോട്
വിടൻ പറഞ്ഞു
എന്റെ ഭാര്യ മാത്രം അറിയരുത്
മുന്തിരിച്ചാറിനാൽ ചഷകം നിറച്ച്,
അയാൾക്ക് നേരെ നീട്ടി
അവൾ പറഞ്ഞു
കുടിക്ക്,
അവർ അവിടെ
ശാന്തമായുറങ്ങിക്കോട്ടെ!
ഉരകജന്മങ്ങൾ
കത്തിയെരിയുന്നൊരുച്ചക്ക്
തീമേഘങ്ങളെ തൊട്ടുരുമ്മി,
തലയുയർത്തി നിന്ന
നെടുങ്കൻ ഫ്ളാറ്റിന്റെ
ബി.64ൽ
ശീതീകരിച്ച കിടപ്പറയിൽ
നരച്ചമേലാപ്പിലെ
സ്വർണനിറപ്പല്ലിയെ
നോക്കിക്കിടന്ന
പെണ്ണുടൽ മനസിൽ മന്ത്രിച്ചു
ഉരകജന്മങ്ങൾ
പതുപതുത്ത മെത്തയുടെ
വെള്ളവിരിപ്പിൻ പരപ്പിൽ
പിന്നീടവൾ
പതിയെ ഇഴയാൻ തുടങ്ങി
തലതിരിഞ്ഞവൾ
തടിയലമാരയിലെ
തടിച്ച കാമശാസ്ത്രഗ്രന്ഥത്തിലെ ഒന്നാം പേജ്
ഒമ്പതാം പേജിനോട് അഹങ്കരിച്ചു
എന്നെ വായിച്ചിട്ടേ
നിന്നെ വായിക്കൂ!
ഒമ്പതാം പേജ് നിശബ്‌ദയായി
പിന്നെ സ്വയം പറഞ്ഞു
ഞാൻ
പേജിൽ നമ്പരിടുന്ന
തറവാട്ടുകാരിയല്ല
കുലസ്ത്രീയുമല്ല!