ee
ee

വെള്ള, നീല നിറങ്ങളിലുള്ള ശംഖുപുഷ്‌പത്തിന് നിരവധി ഔഷധമൂല്യങ്ങളുണ്ട്. വിഷചികിത്സയിലും മഹോദരം പോലുള്ള രോഗങ്ങൾക്കും മാനസിക രോഗങ്ങൾക്കും മരുന്നായി ശംഖുപുഷ്‌പത്തിന്റെ വിവിധഭാഗങ്ങൾ ഉപയോഗിച്ചുവരുന്നു. ബുദ്ധിശക്തിയും ഓർമ്മശക്തിയും കൂട്ടാൻ ശംഖുപുഷ്‌പം നല്ലതാണ്. വിത്ത് വഴിയാണ് വംശവർദ്ധനവ് നടത്തുന്നത്. മറ്റു ചെടികളിൽ പടർന്നുകയറുന്ന സസ്യമാണിത്. ഫാബേസിയേ കുടുംബത്തിൽപ്പെട്ട ഈ ചെടി ക്ലിറ്റോറിയ ടർണേറ്രിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു.

ശംഖുപുഷ്പത്തിന്റെ വേരരച്ചു പാലിൽചേർത്ത് കഴിക്കുന്നത് ചിലന്തിവിഷത്തിന് ഒരു പ്രതിവിധിയാണ്. ഇല അരച്ച് തൊലിപ്പുറത്ത് ഇടുകയും ചെയ്യാം. വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കും. വെളുത്ത ശംഖുപുഷ്‌പത്തിന്റെ വേര് അരച്ചു കഴിച്ചാൽ പാമ്പിൻ വിഷം ശമിക്കും. ശംഖുപുഷ്‌പകഷായം ഉറക്കമില്ലായ്‌മ, മാനസികരോഗം, മൂത്രതടസം എന്നിവ മാറ്റാൻ സഹായിക്കും. മഹോദര ചികിത്സയിൽ വയറിളക്കുവാൻ ഇതിന്റെ വേര് അരച്ച് കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. വേര് പിഴിഞ്ഞെടുത്ത് നസ്യം ചെയ്യുന്നത് തലവേദന മാറ്റാൻ നല്ലതാണ്. ശംഖുപുഷ്‌പത്തിന്റെ പൂവ് തേനിൽ ചേർത്തുകഴിച്ചാൽ ഗർഭാശയരക്തസ്രാവം നിലയ്‌ക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.