brazil-football

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആറാം മത്സരത്തിലും ബ്രസീലിന് വിജയം

പരാഗ്വേയെ ബ്രസീൽ തോൽപ്പിച്ചത് 2-0ത്തിന്

അസൻഷ്യോൺ : ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയും നെയ്മർ വീണ്ടും സൂപ്പർസ്റ്റാറായ ലാറ്റിനമേരിക്കൻ മേഖലാ ലോകകപ്പ് യോഗ്യതാമത്സരത്തിൽ പാരഗ്വേയെ 2-0ത്തിന് തോൽപ്പിച്ച് ബ്രസീൽ. ഖത്തർ ലോകകപ്പിന്റെ ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ തുടർച്ചയായ ആറാം വിജയമാണിത്.

നാലാം മിനിട്ടിൽ ഗോളടിച്ച നെയ്മർ (4) കളി തീരാൻ നിമിഷങ്ങൾ ശേഷിക്കവേയാണ് പകരക്കാരൻ ലൂക്കാസ് പക്വേറ്റയ്ക്ക് ഗോളടിക്കാൻ പന്തെത്തിച്ചത്. ഇക്വഡോറിനെതിരായ കഴിഞ്ഞ മത്സരത്തിലും നെയ്മർ ഒരു ഗോളടിച്ചും ഒരു ഗോളിനു വഴിയൊരുക്കിയും തിളങ്ങിയിരുന്നു.

അർജന്റീനയ്ക്ക് സമനില തന്നെ

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി അർജന്റീന. കൊളംബിയയ്‌ക്കെതിരായ മത്സരത്തിൽ അവസാന നിമിഷം വരെ 2–1ന് മുന്നിട്ടുനിന്ന അർജന്റീനയെ, ഇൻജുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് കൊളംബിയ പിടിച്ചുകെട്ടിയത്. ആദ്യ എട്ടുമിനിട്ടിനുള്ളിൽ രണ്ടു ഗോളുകൾ നേടിയിരുന്ന അർജന്റീനയെ രണ്ടാം പകുതിയിലാണ് കൊളംബിയ പൂട്ടിയത്. മൂന്നാം മിനിട്ടിൽ ക്രിസ്റ്റ്യൻ റൊമേറോയും എട്ടാം മിനിട്ടിൽ ലിയാൻഡ്രോ പരേഡേസസുമാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. 51-ാം മിനിട്ടിൽ ലൂയിസ് മുറിയേലിന്റെ പെനാൽട്ടിയിലൂടെ തിരിച്ചടി തുടങ്ങിയ കൊളംബിയ മിഗ്വേൽ ബോറിയയിലൂടെയാണ് സമനില പി‌ടിച്ചെടുത്തത്.

18

ആറു മത്സരങ്ങളിൽനിന്ന് 18 പോയിന്റുമായി മേഖലയിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. തുടർച്ചയായ രണ്ടാം മത്സരത്തിലും സമനിലയിൽ കുരുങ്ങിയ അർജന്റീന ആറു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.